ദീപിക അന്നേ പറഞ്ഞു, ഒടുവിൽ മജിസ്ട്രേറ്റും ഇടപെട്ടു; പാർക്ക് വൃത്തിയാകും
1577008
Saturday, July 19, 2025 1:27 AM IST
തൃശൂർ: ആദ്യം പക്ഷിശല്യം. പിന്നെ പാന്പുശല്യം. അയ്യന്തോൾ നിവാസികളുടെ ദുരിതങ്ങളെക്കുറിച്ച് ദീപിക നൽകിയ വാർത്തയ്ക്ക് ഒടുവിൽ പരിഹാരമാകുന്നു. മരച്ചില്ലകളും വിറകും കൂട്ടിയിട്ടതിനെതുടർന്നു പാന്പുകൾ തന്പടിച്ച അയ്യന്തോൾ സിവിൽ ലൈൻ പാർക്കിൽ പൊതുമരാമത്തുവകുപ്പ് ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു.
നേരത്തേ ദീപിക ചൂണ്ടിക്കാട്ടിയ വിഷയത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടി ഇടപെട്ട് കർശനനിർദേശം നൽകിയതോടെയാണ് പ്രശ്നത്തിനു പരിഹാരമാകുന്നത്.
കുട്ടികളുടെ പാർക്കിൽ കൂട്ടിയിട്ടിരിക്കുന്ന മരച്ചില്ലകളും വിറകും പാർക്കിൽ വരുന്ന കുട്ടികളുടെയും ജനങ്ങളുടെയും ആരോഗ്യത്തിനും ജീവനും ഗുരുതരഭീഷണിയായിട്ടും നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകൻ ജെയിംസ് മുട്ടിക്കലും പാർക്കിലെ വാക്കേഴ്സ് ക്ലബ്ബും കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകിയിരുന്നു.
പാർക്കിനുള്ളിൽ മതിലിനു സമീപത്തും നടപ്പാതകൾക്കും ചാരുബഞ്ചുകൾക്കും കുട്ടികളുടെ കളിയുപകരണങ്ങൾക്കും അരികിലും മരച്ചില്ലകളും മരത്തടികളും കുന്നുകൂട്ടി ഇട്ടതു കളിക്കാൻ വരുന്ന കുട്ടികളെയും വ്യായാമത്തിനു വരുന്നവരെയും ഒരുപോലെയാണ് അലട്ടിയിരുന്നത്. ഇതിനുപുറമെ ഉഗ്രവിഷമുള്ള പാന്പുകളെയും അടിക്കടി പിടിക്കാൻ തുടങ്ങിയിട്ടും നടപടി ഇല്ലാത്ത വിഷയത്തിനാണ് ഇപ്പോൾ പരിഹാരമാവുന്നത്.