ചൈനീസ് കുടകൾക്കും കോട്ടുകൾക്കും പിറകിൽ മറയുന്നു, ആ ജീവിതങ്ങൾ
1577010
Saturday, July 19, 2025 1:27 AM IST
സി.ജി. ജിജാസൽ
തൃശൂർ: മഴയായാലും വെയിലായാലും ഒരുകാലത്ത് നഗരത്തിന്റെ ഓരോ കോണിലും കണ്ടിരുന്ന മുഖങ്ങളായിരുന്നു കുട, ചെരിപ്പ് റിപ്പയർമാരുടേത്. ഒരു ചെരിപ്പ് പൊട്ടിയാൽ, കുടയുടെ കന്പിയൊന്ന് ഒടിഞ്ഞാൽ അവരെ തേടി ആളുകൾ നടന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. നടപ്പാതകളിലും മരച്ചുവടുകളിലും കുനിഞ്ഞിരുന്ന് തങ്ങളുടെ തൊഴിലിൽ വ്യാപൃതരായിരുന്നവർ, തങ്ങളുടെ തുച്ഛമായ വരുമാനത്തിലും സന്തോഷത്തോടെ ജീവിതം നയിച്ചിരുന്നവർ.
പക്ഷേ ഇന്നിപ്പോൾ അവരുടെ മുഖത്തു പഴയ പ്രസന്നതയില്ല, സന്തോഷമില്ല. കാര്യമായ പണിയല്ലാതെ വന്നപ്പോൾ ആ മുഖങ്ങൾ മങ്ങിപ്പോയി.
ചെറിയ വിലയ്ക്കു കളർഫുൾ കുടകളും പ്ലാസ്റ്റിക് ചെരിപ്പുകളും കോട്ടുകളും മാർക്കറ്റുകൾ കീഴടക്കിയപ്പോൾ പേരിനുപോലും പണിയില്ലാതെ ഇരിക്കേണ്ട അവസ്ഥയാണ് തൊഴിലാളികൾക്കിപ്പോൾ. ഒരുകാലത്ത് അതിർത്തികൾ കടന്നു നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ കുടനന്നാക്കാനെത്തിയ തൊഴിലാളികളെ ഇന്ന് അധികമാരും ശ്രദ്ധിക്കുന്നില്ല. കാര്യങ്ങൾ വിപണിയുടെ കൈയിലാണ്. കാര്യം നേരത്തേ പറഞ്ഞതുതന്നെ.
പലദിവസങ്ങളിലും വിരലിൽ എണ്ണാവുന്നവർമാത്രമാണ് വരുന്നതെന്നും അതുകൊണ്ടുതന്നെ ഓരോ ദിനവും തള്ളിനീക്കാൻ പാടുപെടുകയാണെന്നും സ്വരാജ് റൗണ്ടിൽ വർഷങ്ങളായി കുടയും ചെരുപ്പുകളും നന്നാക്കുന്ന തിരൂർ സ്വദേശി ചന്ദ്രൻ പറഞ്ഞു.
കുടയോ ചെരിപ്പോ പൊട്ടിയാൽതന്നെ ഇപ്പോൾ ആളുകൾ പഴയത് ഉപേക്ഷിച്ചു പുതിയതു വാങ്ങുകയാണ്. നന്നാക്കണമെന്ന് ആരും പറയാറില്ല. ഉന്നം അന്നമായതിനാൽതന്നെ കൂടുതൽ കൂലികിട്ടുന്ന മറ്റു തൊഴിലുകളിലേക്ക് ഒരിടയ്ക്കു മാറി. എന്നാൽ, അസുഖങ്ങൾമൂലം ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങിയപ്പോൾ പഴയ തൊഴിലിലേക്കു തിരികെവരികയായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു.
ഇത്തരം തൊഴിലുകൾ എടുത്തിരുന്ന മലയാളികളുടെ എണ്ണം കുത്തനേ കുറഞ്ഞെങ്കിലും പലനാടുകളിൽനിന്നും ഏറെ പ്രതീക്ഷയോടെ നഗരത്തിൽ ഇപ്പോഴും ഈ തൊഴിലിനായി പലരും എത്തുന്നുണ്ട്.
കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഈ തൊഴിൽമേഖലയിലെ ഇടിവ് 80 ശതമാനത്തിലേറെ എന്നാണ് കണക്ക്. പലരും മറ്റു ചെറുപണികളിലേക്ക് ഒഴിഞ്ഞുപോയതു പട്ടിണിയില്ലാതെ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്.
എങ്കിലും, ചില തൊഴിലാളികൾ ഇപ്പോഴും നഗരചുറ്റുപാടിൽ കാത്തിരിക്കുന്നു... ആരെങ്കിലും ചെരിപ്പോ കുടയോ കൈയിൽ പിടിച്ച് “നന്നാക്കാമോ?” എന്നൊരു ചോദ്യവുമായി വരും എന്ന പ്രതീക്ഷയോടെ...