പുഴയ്ക്കൽ - മുതുവറ റോഡുപണി വൈകാൻ സാധ്യത; കുരുക്ക് തുടരും
1577007
Saturday, July 19, 2025 1:27 AM IST
മുതുവറ: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി) ഏറ്റെടുത്തുനടത്തുന്ന തൃശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിര്‍മാണം ഇഴയുന്നു. രണ്ടുമാസത്തിനുള്ളിൽ പുഴയ്ക്കൽമുതൽ മുതുവറവരെ ഇരുവശങ്ങളും ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുരിതമനുഭവിക്കുന്ന യാത്രക്കാർക്കും നാട്ടുകാർക്കും അത്ര പ്രതീക്ഷ പോരാ.
പുഴയ്ക്കലിൽനിന്നു മുതുവറയിലേക്കു വരുമ്പോൾ വലതുവശത്തെ കോൺക്രീറ്റിംഗ് പണികളാണ് നടന്നുവരുന്നത്. കോൺക്രീറ്റിംഗിനുള്ള മെഷീനുകളെല്ലാം മേഖലയിൽനിന്നു മാറ്റി, പണിക്കാരെ ഉപയോഗിച്ച് മാനുവലായാണ് ഇപ്പോൾ കോൺക്രീറ്റിംഗ്. അതുകൊണ്ടുതന്നെ പണി വൈകുമെന്നുറപ്പ്.
മെഷീൻ ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തുമ്പോൾ ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്തു മെഷീൻ നിർത്തേണ്ടിവരുമെന്നും അതു കൂടുതൽ ഗതാഗതതടസമുണ്ടാക്കുമെന്നുമാണ് ഉദ്യോഗസ്ഥർ കാരണം പറഞ്ഞത്. ശക്തമായ മഴയും റോഡുപണിയുടെ വേഗം കുറയ്ക്കുന്നുണ്ട്.
എന്നാൽ, പത്തുദിവസത്തിനുള്ളിൽ മുതുവറ സെന്റർവരെയുള്ള വലതുഭാഗത്തെ പണികൾ പൂർത്തീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരുദിവസം നൂറുമീറ്ററോളം ദൂരമാണ് പണിക്കാർ കോൺക്രീറ്റ് ചെയ്യുന്നത്. പത്തു കിലോമീറ്റർ അകലെയുള്ള കമ്പനിയിൽനിന്നു കോൺക്രീറ്റിംഗ് മിശ്രിതം കൊണ്ടുവരികയാണ്.
അമല മുതൽ പുഴയ്ക്കൽവരെയുള്ള ഗതാഗതക്കുരുക്കിന്റെ ദുരിതം ഇനിയും നീളുമെന്നുറപ്പ്. ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഗതാഗതക്കുരുക്കിൽപ്പെടുന്നത്. ഇപ്പോൾ ഇരുദിശയിലേക്കു പോകുന്ന വാഹനങ്ങൾ ഒരുവശത്തുകൂടിയാണ് മുതുവറ മുതൽ പുഴയ്ക്കൽ വരെ പോകുന്നത്. കുരുക്കിനിടയിൽ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുത്തിക്കയറ്റി കയറുന്നതു ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുമുണ്ട്.
ഇന്നലെ ഉച്ചയോടെ ഒരു ഓമ്നി വാനിന്റെ ഇരുചക്രങ്ങളും റോഡിൽനിന്നു തെന്നി നിർമാണം നടക്കുന്ന ഭാഗത്തേക്കു ചാടി. വാഹനം മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി.