ജന്മനാട്ടിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി ആയിരങ്ങളാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാൻ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയത്. അപ്പോഴും നിറചിരിയുടെ സ്മൃതികളായിരുന്നു ഏവർക്കും മനസിൽ.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.20നാണ് ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ട ുള്ള വിലാപയാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ പ്രവേശിച്ചത്. മണിക്കൂറുകൾക്കു മുന്‍പേ ഇവിടെ ആയിരങ്ങൾ കാത്തുനിന്നിരുന്നു.
അവസാനമായി കാണാൻ തിരക്കുകൂട്ടിയവരെ നിയന്ത്രിച്ചു വരിയായാണ് അകത്തേക്കു കടത്തിവിട്ടത്. ടൗണ്‍ ഹാളിൽ നേരത്തേ തന്നെ എത്തിയ ഇന്നസെന്റിന്റെ ഭാര്യ ആലീസ്, മകൻ സോണറ്റ്, മരുമകൾ രശ്മി, കൊച്ചുമക്കളായ ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവർ സമീപത്തുതന്നെ ഉണ്ടായിരുന്നു.
മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയ ഗിരി, സനീഷ് സി. ജോസഫ് എംഎൽഎ എന്നിവരും എത്തി. മുൻ നഗരസഭ കൗണ്‍സിലറും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹത്തിൽ ജില്ലാ ഭരണകൂടത്തിനുവേണ്ടി ജില്ലാ കളക്ടർ കൃഷ്ണ തേജ റീത്ത് സമർപ്പിച്ചു. മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തി. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
അഞ്ചേകാലോടെ ടൗണ്‍ഹാളിൽ പൊതുദർശനം അവസാനിപ്പിച്ച് സ്വന്തം വീടായ പാർപ്പിടത്തിലേക്കു കൊണ്ടുപോയി. അപ്പോഴും ടൗണ്‍ ഹാളിലേക്ക് ആളുകൾ ഒഴുകുകയായിരുന്നു. ഇന്നു രാവിലെ 9.30ന് വീട്ടിൽ സംസ്കാര ശൂശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടത്തും.