സെക്രട്ടേറിയറ്റ് അനാഥം! മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം സെക്രട്ടറിമാരും സ്ഥലത്തില്ല
Sunday, December 10, 2023 1:47 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിക്കു പിന്നാലെ സംസ്ഥാനത്ത് ഭരണസ്തംഭനം കൂടി പിടിമുറുക്കിയതോടെ ജനം ദുരിതത്തിൽ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസിനെത്തുടർന്ന് സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം നിലച്ചതിനു പിന്നാലെ ജീവിത പ്രശ്നങ്ങൾക്കു പരിഹാരമില്ലാതെ ജനം നെട്ടോട്ടത്തിലായി.
ശന്പളവും പെൻഷനുമല്ലാതെയുള്ള ഒരു ബില്ലും ട്രഷറിയിൽനിന്നു പാസാകാത്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാരൊഴികെ മറ്റു മേഖലകളിലുള്ളവർ വഴിയാധാരമായി. ട്രഷറി നിയന്ത്രണത്തിനു പുറത്തുള്ള ഫയലുകളിലെ സാന്പത്തിക ഇടപാടും നിശ്ചലമായി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തു സാന്പത്തിക അടിയന്തരാവസ്ഥയ്ക്കു രാഷ്ട്രപതിയോടു ശിപാർശ ചെയ്യണമെന്ന നിവേദനത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടിയിട്ടുള്ളത്.
സെക്രട്ടേറിയറ്റിലെ താഴേത്തട്ടുകളിൽനിന്ന് മുകളിലേക്ക് അയയ്ക്കുന്ന മിക്ക ഫയലുകളിലും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു. ഒട്ടുമിക്ക ഫയലുകളിലും മുകളിൽ നിന്നു തീരുമാനം വരാത്തതിനാൽ താഴേത്തട്ടിലെ ജീവനക്കാർക്കും കാര്യമായ ജോലികളില്ലാത്ത അവസ്ഥയായി. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിൽ ഇല്ലാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി പരാതി പറയാനുള്ള സാധാരണക്കാരന്റെ അവകാശവും നിഷേധിക്കപ്പെടുന്നു.
ഓഫീസിന്റെ അനുമതിയില്ലാതെ ആർക്കും ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് സഹായകേന്ദ്രത്തിൽ നൽകിയിട്ടുള്ള നിർദേശം. ഇതിനാൽ സഹായകേന്ദ്രത്തിൽനിന്ന് ഇവിടേക്ക് പാസ് നൽകുന്നില്ല.
സെക്രട്ടറിമാർ സ്ഥലത്തില്ല
പനിമരണങ്ങളും പകർച്ചവ്യാധികളും ഏറുന്പോൾ, സംസ്ഥാനതല ഏകോപനം നിർവഹിക്കേണ്ട ആരോഗ്യമന്ത്രി നവകേരള സദസിന് ഒപ്പമാണ്. മന്ത്രിയുടെ അഭാവത്തിൽ ഏകോപനം നിർവഹിക്കേണ്ട ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ദിവസങ്ങളായി വിദേശപര്യടനത്തിലും. വ്യക്തിപരമായ കാരണത്താൽ വിദേശപര്യടനം എന്നാണ് ഉത്തരവിൽ പറയുന്നത്.
ധനമന്ത്രിയെ സെക്രട്ടേറിയറ്റിൽ ഇരുത്തണമെന്ന പ്രതിപക്ഷ നിർദേശം മുഖ്യമന്ത്രി മുഖവിലയ്ക്കെടുക്കാത്ത സാഹചര്യത്തിൽ, സാന്പത്തിക മേഖലയും നാഥനില്ലാത്ത അവസ്ഥയിലാണ്. ധന പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ നാലു ദിവസമായി ന്യൂഡൽഹിയിൽ പരിശീലനത്തിലാണ്. ധനകാര്യ റിസോഴ്സ് സെക്രട്ടറി അടുത്ത ദിവസം പരിശീലനത്തിനായി ബംഗളൂരുവിലേക്കു പോകും. മിക്ക വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അവസ്ഥ ഏതാണ്ട് ഇതിനു സമാനമാണ്.
അവധിയിലേക്കു കടന്നു ജീവനക്കാരും
വർഷാവസാനത്തിലേക്ക് എത്തിയതോടെ സാധാരണ ജീവനക്കാരും കൂട്ടത്തോടെ അവധിയിലേക്കു കടന്നിരിക്കുകയാണ്. ഇതോടെ സർക്കാർ ഓഫീസുകളിൽനിന്നു സമയബന്ധിതമായി ലഭിക്കേണ്ട സേവനം ലഭ്യമാകാത്ത സാഹചര്യമുണ്ടാകും. സെക്രട്ടേറിയറ്റിലെ 27 വകുപ്പുകളിലായി പരിഗണനയ്ക്കെത്തിയ 44,000 ത്തോളം ഫയലുകളിൽ തീർപ്പാക്കിയത് 5,000ത്തോളം എണ്ണം മാത്രമാണെന്നാണു കണക്ക്.
ഫയൽ തീർപ്പാക്കൽ പുരോഗതി 10 ശതമാനത്തോളമായി ചുരുങ്ങി. രണ്ടും മൂന്നും വർഷമായി എത്തിയ ഫയലുകൾ പോലും കന്പ്യൂട്ടറിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. നവകേരള സദസ് കഴിയുന്നതോടെ 3.5 ലക്ഷത്തോളം പരാതികൾകൂടി എത്തും. സെക്രട്ടേറിയറ്റിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പരിഗണനയ്ക്കെത്തിയ പരാതികളിൽ 11.6% മാത്രമാണ് തീർപ്പാക്കിയത്.
ട്രഷറിയിൽ നിയന്ത്രണം
സംസ്ഥാനം നേരിടുന്ന ഗുരുതര സാന്പത്തിക പ്രതിസന്ധി കൂടുതൽ മേഖലകളെ ബാധിച്ചുതുടങ്ങിയതോടെ നടപടി കൂടുതൽ കടുപ്പിച്ചു. ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ച ബില്ലുകൾ പോലും മാറേണ്ടതില്ലെന്ന കർക്കശ നിർദേശം ട്രഷറി ഓഫീസർമാർക്കു സർക്കാർ വാക്കാൽ നൽകി. കഴിഞ്ഞ ദിവസമാണു നിർദേശം നൽകിയത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി 2,000 കോടി രൂപയുടെ ബില്ലുകളാണു ട്രഷറിയിൽ തടഞ്ഞുവച്ചിരിക്കുന്നത്.
ട്രഷറികൾ ഇപ്പോൾ 3,000 കോടി രൂപയുടെ വായ്പാപരിധിയിലാണു പ്രവർത്തിക്കുന്നത്. അൽപംകൂടി പിടിവിട്ടാൽ ഓവർ ഡ്രാഫ്റ്റിലേക്കും പിന്നീടു ട്രഷറി പൂട്ടുന്ന സാഹചര്യത്തിലേക്കും നീങ്ങും.
ട്രഷറി നിയന്ത്രണം ഒരു ലക്ഷമാക്കി രണ്ടാഴ്ച മുൻപു നിർദേശം നൽകിയെങ്കിലും ഇതിനു താഴെയുള്ള ബില്ലുകളും ധനവകുപ്പു പ്രത്യേക അനുമതി നൽകിയ ബില്ലുകളും മാറ്റിവയ്ക്കാൻ അടിയന്തരമായി നിർദേശിച്ചത് ഈ സാഹചര്യത്തിലാണ്.
ജനുവരിയിൽ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോലും മുഖ്യവേദി നിർമിച്ചാൽ മതിയെന്നാണു തീരുമാനം. ക്ഷേമപെൻഷനുകൾ മാസങ്ങളുടെ കുടിശികയാണ്. കരാറുകാർക്ക് 16,000 കോടിയിലേറെ നൽകാനുണ്ട്. സപ്ലൈകോ വാങ്ങിയ സാധനങ്ങളുടെ കുടിശിക 5,000 കോടിയായതോടെ ഇതുവഴിയുള്ള അവശ്യസാധന വിതരണവും ഏതാണ്ടു നിലയ്ക്കുന്ന സാഹചര്യമായി.