ബാറുടമകൾക്കു നൽകിയ ഉറപ്പിൽ ഉറച്ചു നിൽക്കാതെ സർക്കാർ
Sunday, May 26, 2024 1:02 AM IST
തിരുവനന്തപുരം: ബാറുടമകളുടെ സംഘടനാ നേതാക്കളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മദ്യനയത്തിൽ ഇവർക്ക് അനുകൂലമായ മാറ്റം വരുത്താനുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻവാങ്ങും.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നശേഷം ജൂണ്‍ 13നു ബാറുടമകളുടെ സംഘടനയുമായും മദ്യവിതരണ കന്പനികൾ അടക്കമുള്ളവരുമായും ചർച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ, ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ മുൻ ധാരണ പ്രകാരമുള്ള മദ്യനയത്തിലെ മാറ്റങ്ങൾ ഒഴിവാക്കി നിലവിലുള്ളതുപോലെ തുടരാനാണ് സർക്കാർ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കലും ഐടി പാർക്കുകളിൽ മദ്യശാലകൾ തുറക്കുന്നതും ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതും അടക്കം മദ്യനയത്തിൽ വരുത്താൻ ഉദ്ദേശിച്ച മാറ്റങ്ങൾ ഉടൻ നടപ്പാക്കില്ല.
ബാറുടമകൾക്ക് അനുകൂലമായി മദ്യനയത്തിൽ മാറ്റം വരുത്തിയാൽ നിലവിലെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടിയായി വ്യാഖ്യാനിക്കപ്പെടുകയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്കു നീളുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന സൂചനയുമുണ്ട്. ഐടി പാർക്കുകളിൽ മദ്യവിൽപന അനുവദിക്കുന്നതിനുള്ള ചട്ടഭേദഗതി കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നിരുന്നു.
ബാർ കോഴ വിവാദം സംസ്ഥാനത്താകെ കത്തുന്നതിനിടെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശ സന്ദർശനത്തിനായി തിരിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിയുടെ യാത്ര. ഇന്നലെ പുലർച്ചെ കൊച്ചിയിൽനിന്നു പുറപ്പെട്ടു.
സ്വകാര്യ സന്ദർശനമെന്നാണു പറയുന്നത്. ധന-നികുതി മന്ത്രി കെ.എൻ. ബാലഗോപാലും വിദേശത്തേക്കു പോകാൻ കേ ന്ദ്രാനുമതി തേടിയിരുന്നു. അനാരോഗ്യം മൂലം യാത്രമാറ്റിവയ്ക്കുകയായിരുന്നുവെന്നാണു വിവരം.
ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കം ബാറുടമകളെ സഹായിക്കുന്ന തരത്തിലുള്ള മദ്യനയത്തിൽ മാറ്റം വരുത്തണമെന്ന ശിപാർശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയും സർക്കാരിനു നൽകിയിരുന്നു.
മദ്യനയത്തിൽ മാറ്റം വരുത്തണമെന്ന് ടൂറിസം വകുപ്പും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെണ്ണലിനു ശേഷം ജൂണ്‍ 13നു മദ്യവ്യാപാരികളുമായി എക്സൈസ് മന്ത്രി ചർച്ച നടത്താനിരുന്നത്. ഇതിനുശേഷം സിപിഎമ്മിലും ഇടതുമുന്നണിയിലും ചർച്ച നടത്തി നടപ്പാക്കാനായിരുന്നു മുൻ ധാരണയെന്നാണു വിവരം.
അതിനിടെ, ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ്-ടൂറിസം മന്ത്രിമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി യുഡിഎഫും രംഗത്തെത്തി.
ഇന്നലെ യുഡിഎഫ് യോഗം ചേർന്നാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ രാജി മാത്രമായിരുന്നു യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. ഇതിനൊപ്പമാണ് മദ്യനയത്തിൽ മാറ്റം വരുത്താനുള്ള ടൂറിസം വകുപ്പിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ രാജിയും ആവശ്യപ്പെട്ടത്.