വിദേശ ജോലി: വഞ്ചിതരുടെ എണ്ണം വര്‍ധിക്കുന്നതായി പ്രവാസി കമ്മീഷന്
Wednesday, September 17, 2025 1:36 AM IST
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പ്രവാസി കമ്മീഷന്. കമ്പനിയുടെ വിവരങ്ങളോ രജിസ്ട്രേഷനോ സർക്കാർ അംഗീകരിച്ച രേഖകളോ പരിശോധിക്കാതെയാണ് വിദേശരാജ്യങ്ങളിലേക്കു പോകാന്‍ ഭൂരിഭാഗം പേരും ഒരുങ്ങുന്നത്.
ഇത്തരക്കാരാണു വഞ്ചിതരാകുന്നതെന്നും പ്രവാസി കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് സോഫി തോമസ് പറഞ്ഞു. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.
അംഗീകാരമില്ലാത്ത ഏജന്‍സികളെക്കുറിച്ച് പൊതുജനങ്ങള്‍ക്കു ബോധവത്കരണം നല്‍കേണ്ടതുണ്ട്. ഇതിനു മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവര്‍ പറഞ്ഞു. പ്രവാസി കമ്മീഷന് അദാലത്തില്‍ 49 കേസുകള്‍ പരിഗണിച്ചു. ഇതില്‍ അഞ്ചെണ്ണം പരിഹരിച്ചു.
മറ്റു കേസുകള്‍ വിശദമായ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി മാറ്റിവച്ചു. 40 പുതിയ കേസുകളും ഇന്നലെ കമ്മീഷൻ മുമ്പാകെ എത്തി. അടുത്ത അദാലത്ത് ഒക്ടോബര്‍ 14ന് കോട്ടയം ജില്ലയില്‍ നടക്കും. കമ്മീഷന് അംഗങ്ങളായ പി.എം. ജാബിര്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാങ്കല് എന്നിവരും പങ്കെടുത്തു.