സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്ത് ഇനി ഒരു നിയമം
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കല, സാഹിത്യം, ശാസ്ത്രീയ, വിദ്യാഭ്യാസ, ധാർമിക, കായിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള 2025 ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
സംഘങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 1955 ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമികസംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട്, 1860 ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് എന്നിവയാണു സംസ്ഥാനത്തു നിലവിലുള്ളത്.
തിരുവിതാംകൂർ-കൊച്ചിക്ക് ബാധകമായ നിയമവും മലബാർ പ്രദേശത്ത് ബാധകമായ 1860 ലെ കേന്ദ്ര നിയമവും ഏകോപിപ്പിച്ചു കൊണ്ട് കൂടുതൽ കർശനമായ വ്യവസ്ഥകളോടെ സംസ്ഥാനമൊട്ടാകെ ബാധകമാകുന്ന ഒരു പുതിയ നിയമം നിർമിക്കുന്നതിനാണു ബിൽ.
സംഘങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യതയും യഥാസമയം റിട്ടേണ്‍ ഫയൽ ചെയ്യാത്തവയ്ക്കുൾപ്പെടെയുള്ള വീഴ്ചകളിൽ നടപടിയെടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണു നിയമസഭയിൽ അവതരിപ്പിച്ചത്.