ട്രെയിനിലെ ജലപ്രശ്നം; ഒരു വർഷത്തിനിടെ റെയിൽവേക്കു ലഭിച്ചത് ഒരു ലക്ഷം പരാതികൾ
Friday, August 22, 2025 2:17 AM IST
ന്യൂഡൽഹി: ടോയ്ലറ്റുകളിലും വാഷ് ബേസിനുകളിലും വെള്ളമില്ലാത്തതിന് ഒരു വർഷത്തിനിടെ റെയിൽവേയ്ക്കു ലഭിച്ചത് ഒരു ലക്ഷത്തിലേറെ പരാതികൾ.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 2022-23 സാന്പത്തികവർഷം റെയിൽവേക്ക് കോച്ചുകളിലെ ജലപ്രശ്നവുമായി ബന്ധപ്പെട്ട് 1,00,280 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ 33,937 പരാതികളും സമയത്തു പരിഹരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആകെ പരാതികളുടെ 33.84 ശതമാനം വരുമിത്.
‘ഇന്ത്യൻ റെയിൽവേയിലെ ദീർഘദൂര ട്രെയിനുകളുടെ ശുചിത്വം’ എന്നപേരിൽ 2018-19 മുതൽ 2022-23 വരെയുള്ള കാലയളവിലെ പെർഫോർമൻസ് ഓഡിറ്റാണ് സിഎജി പാർലമെന്റിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലുള്ളത്.
ദീർഘദൂര ട്രെയിനുകളിലുള്ള ബയോ ടോയ്ലറ്റുകളിലെ ശുചിത്വം വിലയിരുത്തുന്നതിനായി 96 തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിൽ 2,426 യാത്രക്കാരുമായി നടത്തിയ സർവേയും റിപ്പോർട്ടിലുണ്ട്.
ഇതുപ്രകാരം അഞ്ചു സോണുകളിലുള്ള 50 ശതമാനം യാത്രികരും ശുചിത്വത്തിൽ തൃപ്തി അറിയിച്ചപ്പോൾ രണ്ടു സോണുകളിൽ ഇത് പത്തു ശതമാനത്തിൽ താഴെ മാത്രമാണ്. ട്രെയിനുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള ചെലവുകൾ അനുവദിച്ചിരിക്കുന്ന ബജറ്റിനേക്കാൾ അധികമാകുന്നെന്നും ഓഡിറ്റിൽ കണ്ടെത്തലുണ്ട്.