വിവേചനപരമായ ഉപരോധങ്ങൾക്കെതിരേ റഷ്യയും ചൈനയും ഒരുമിച്ചു നീങ്ങും: പുടിൻ
Monday, September 1, 2025 1:06 AM IST
ടിയാൻജിൻ: ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹ്യ-സാന്പത്തിക പുരോഗതിക്ക് തടസം സൃഷ്ടിക്കുന്ന ‘വിവേചനപരമായ ഉപരോധങ്ങൾ’ക്കെതിരേ റഷ്യയും ചൈനയും പൊതുവായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.
ഷാംഗ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ പുടിൻ, രാജ്യത്തെ സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അടിയന്തര അടിസ്ഥാന വികസന പദ്ധതികൾക്കായി വിഭവശേഖരണം നടത്തുന്നതിനു റഷ്യയും ചൈനയും പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ആഗോള വെല്ലുവിളികളെ നേരിടാനായി ബ്രിക്സിനെ ശക്തിപ്പെടുത്തുന്നുണ്ടെന്നും പുടിൻ അറിയിച്ചു.
ബ്രിക്സ് അംഗരാജ്യങ്ങൾക്കു മേൽ പത്ത് ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പരാമർശങ്ങൾ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഇറാൻ, എത്യോപ്യ, ഈജിപ്ത്, അർജന്റീന, യുഎഇ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ബ്രിക്സ്.