സഞ്ജു ഏത് പൊസിഷനില്‍..?
Sunday, September 14, 2025 2:26 AM IST
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തില്‍ ഇടംപിടിച്ചാല്‍ സഞ്ജു സാംസണ് ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതില്‍ വ്യക്തത വരുത്തി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്.
സഞ്ജു ഏത് പൊസിഷനിലും ബാറ്റ് ചെയ്യും. സാഹചര്യത്തിനനുസരിച്ച് റോള്‍ മാറും. സഞ്ജു അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ല. അതിനര്‍ഥം അദ്ദേഹത്തിന് അതിനു കഴിയില്ല എന്നല്ല. ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സഞ്ജു.
ടീമിന്റെ ആവശ്യകത അനുസരിച്ച് ക്യാപ്റ്റനും മുഖ്യ പരിശീലകനുമാണ് ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കുന്നത്. ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹം സന്തോഷവാനാണെന്നും ഇന്ത്യ പാക്കിസ്ഥാന് മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് പറഞ്ഞു.
ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ കളിച്ച പരമ്പരയില്‍ വരെ ഓപ്പണറായി ഇറങ്ങിയിരുന്ന സഞ്ജുവിന് പകരം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. വണ്‍ഡൗണായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും എത്തി.
ടീം ലിസ്റ്റ് പ്രകാരം സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷന്‍ അഞ്ചാണ്. ഇതു സംബന്ധിച്ചാണ് ചര്‍ച്ചകളും സജീവമായത്.