പുനരൈക്യ വാർഷികത്തിനും ബഥനി ആശ്രമ ശതാബ്ദിക്കും സമാപനം
Friday, September 20, 2019 11:57 PM IST
കോട്ടയം: രാജ്യമെന്പാടും നിന്നുള്ള വിശ്വാസികളുടെയും വൈദികരുടെയും സന്യസ്തരുടെയും സാന്നിധ്യത്തിൽ നടന്ന സമൂഹബലിയോടെയും പൊതുസമ്മേളനത്തോടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭ 89-ാം പുനരൈക്യ വാർഷിത്തോടനുബന്ധിച്ചുള്ള സഭാ സംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും സമാപനമായി.
പൊതുസമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ശിവഗിരി ഡയറക്ടർ ബോർഡംഗം സ്വാമി ശിവ സ്വരൂപാനന്ദ (ആലുവ അദ്വൈതാശ്രമം) ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ മാർ ക്ലീമിസ് ബാവയുടെ ലേഖനസമാഹരമായ ’വീണ്ടും ചില വിശുദ്ധ ചിന്തകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
രാവിലെ സമൂഹബലിക്കു കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസെന്റ് മാർ പൗലോസ്, ജേക്കബ് മാർ ബർണബാസ്, സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയോഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, ബഥനി സന്യാസസമൂഹം സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള പീടികയിൽ ഒഐസി, വികാരി ജനറാൾമാർ, കോർ എപ്പിസ്കോപ്പമാർ എന്നിവർക്കൊപ്പം സഭയിലെ വൈദികരും സഹകാർമികരായിരുന്നു.
സന്യാസമാണ് സഭയുടെ സന്പത്തെന്നും സന്യാസ ആധ്യാത്മികതയാണ് ഇന്നത്തെ സമൂഹജീവിതത്തിന് ആവശ്യമായതെന്നും കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന മധ്യേ സന്ദേശത്തിൽ പറഞ്ഞു. റവ.ഡോ. ഐസക് പറപ്പള്ളിയുടെ നേതൃത്വത്തിൽ നൂറ്റൊന്ന് അംഗ ഗായകസംഘം ശുശ്രൂഷകളിൽ പങ്കാളികളായി. മലയാളത്തിനു പുറമേ ഹിന്ദി, കന്നഡ, തമിഴ്, ഇംഗ്ലിഷ് ഭാഷകളിലും ആരാധനാഗീതങ്ങളും പ്രാർഥനകളും ഉയർന്നു.