ട്രെയിൻ യാത്രക്കാരുടെ മൊബൈലുകൾ കവർന്ന നാലംഗസംഘം പിടിയിൽ
Monday, October 14, 2019 1:22 AM IST
ആലുവ: അന്ത്യോദയ എക്സ്പ്രസിലെ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവർന്ന നാലംഗ സംഘത്തെ ആലുവ ആർപിഎഫ് സംഘം അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് മോനിപ്പിള്ളി കരിത്തിലക്കൽ വീട്ടിൽ ഇരട്ടസഹോദരങ്ങളായ അഭിഷേക് സുഭാഷ് (18), അരുൺ സുഭാഷ് (18), മലപ്പുറം പുതുപൊന്നാനിയിൽ അഹമ്മദിന്റെ വസതിയിൽ താമസിക്കുന്ന അലി സിദ്ദിഖ് (25), കോട്ടയം അമയന്നൂർ പടിപുരയ്ക്കൽ ഹാരിഷ് രാജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മോഷ്ടിച്ച 11 മൊബൈൽ ഫോണുകൾ, ഒരു ടാബ്, പവർബാങ്ക് എന്നിവ കണ്ടെടുത്തു. കഴിഞ്ഞ പത്തിന് രാത്രി തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുപോയ അന്ത്യോദയ എക്സ്പ്രസിലെ യാത്രക്കാരാണ് കവർച്ചയ്ക്കിരയായത്.
യാത്രക്കാർ രാത്രി ഉറങ്ങിയ തക്കം നോക്കി കവർച്ച നടത്തിയ പ്രതികൾ ഇരിങ്ങാലക്കുടയിലാണ് ഇറങ്ങിയത്. ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് പ്രതികൾ കവർച്ച ചെയ്തത്.