വാതക ടാങ്കർ മറിഞ്ഞു; ഒരു പകൽ മുൾമുനയിൽ കാസർഗോഡ് നഗരം
Thursday, October 17, 2019 12:57 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോര്‍ന്നത് നഗരത്തെ ഒരു പകല്‍ മുഴുവന്‍ മുള്‍മുനയിലാക്കി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പോലീസും അഗ്നിരക്ഷാസേനയും മംഗളൂരുവിലെ ഭാരത് പെട്രോളിയം കമ്പനിയില്നിന്നെത്തിയ വിദഗ്ധ സംഘവും ദിവസം മുഴുവൻ നീണ്ട പ്രയത്നത്തിനൊടുവിലാണ് ടാങ്കറിൽനിന്ന് പാചകവാതകം റിക്കവറി വാഹനങ്ങളിലേക്കു മാറ്റി അപകടസാധ്യത ഒഴിവാക്കിയത്.
വാതകം ചോരുന്നതായി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നാലു കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വീടുവിട്ടുവരുന്നവര്ക്ക് എരിയാല്‍ ജുമാമസ്ജിദിന്റെ കീഴിലുള്ള മദ്രസ തുറന്നുകൊടുത്തു. വൈദ്യുതിബന്ധവും വിച്ഛേദിച്ചു. പ്രശ്നത്തിന്റെ രൂക്ഷത പരിഗണിച്ച് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അടുക്കത്ത്ബയല്‍ ഗവ. യുപി സ്കൂളിന് അവധി നല്കി. ദേശീയപാതയില്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.
പുലര്‍ച്ചെതന്നെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് സേഫ്റ്റി വാല്‍വുകളും മറ്റും ഉപയോഗിച്ച് ചോര്‍ച്ചയുള്ള ഭാഗം താത്കാലികമായി അടച്ചിരുന്നു. രാവിലെ മംഗളൂരുവില്‍നിന്ന് ഭാരത് പെട്രോളിയം കമ്പനിയിലെ വിദഗ്ധര്‍ സ്ഥലത്തെത്തി മംഗളൂരുവില്നിന്നെത്തിച്ച റിക്കവറി വാഹനങ്ങളിലേക്ക് പാചകവാതകം മാറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഏതാനും മണിക്കൂറുകള്‍കൊണ്ട് ഇത് പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതിയതെങ്കിലും പ്രതീക്ഷിച്ച വേഗതയില്‍ മുന്നോട്ടുപോകാനായില്ല. രാത്രിയോടെ വാതകം പൂര്‍ണമായും മാറ്റിത്തീര്ത്തതിനുശേഷം ടാങ്കർ സ്ഥലത്തുനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനും സ്ഥിതിഗതികള്‍ സാധാരണനിലയിലെത്തിക്കാനുമുള്ള ഊര്‍ജിതശ്രമം നടക്കുകയാണ്.
ഭാരത് പെട്രോളിയത്തിന്റെ മംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടിഎൻ 88 ബി 7697 നമ്പർ ബുള്ളറ്റ് ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.