കൂടുതൽ വോട്ടർമാർ മഞ്ചേശ്വരത്ത്
Sunday, October 20, 2019 12:37 AM IST
തിരുവനന്തപുരം: നാളത്തെ ഉപതെരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടർമാരാണു വിധിയെഴുതുന്നത്. ഇതിൽ 12,780 പേർ പുതിയ വോട്ടർമാരാണ്.
മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 2,14,779 പേരാണ് ഇവിടെ വിധിയെഴുതുന്നത്. ഇതിൽ 1,07,851 പേർ പുരുഷന്മാരും 1,06,928 പേർ സ്ത്രീകളും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2,693 വോട്ടർമാരുടെ വർധനയാണ് മഞ്ചേശ്വരത്തുള്ളത്.
എറണാകുളത്ത് 1,55,306 വോട്ടർമാരുള്ളതിൽ 76,184 പുരുഷന്മാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ഇത്തവണ 2,905 വോട്ടർമാരുടെ വർധന. അരൂർ മണ്ഡലത്തിലെ 1,91,898 വോട്ടർമാരിൽ 94,153 പുരുഷന്മാരും 97,745 സ്ത്രീകളുമാണുള്ളത്. അരൂരിൽ 1,962 പുതിയ വോട്ടർമാരുണ്ട്.
കോന്നിയിൽ 93,533 പുരുഷന്മാരും 1,04,422 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 1,97,956 വോട്ടർമാരുണ്ട്. 3,251 പുതിയ വോട്ടർമാരുണ്ട്. വട്ടിയൂർക്കാവിൽ ആകെ 1,97,570 വോട്ടർമാരാണുള്ളത്. ഇതിൽ 94,326 പുരുഷന്മാരും 1,03,241 സ്ത്രീകളും. മൂന്നു ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്.