ജാമ്യാപേക്ഷകളിൽ ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്നു ഹൈക്കോടതി
Tuesday, October 22, 2019 11:56 PM IST
കൊച്ചി: ജാമ്യാപേക്ഷകളിൽ മജിസ്ട്രേറ്റുമാർ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതിയുടെ ഭരണവിഭാഗം സർക്കുലറിൽ നിർദേശം നൽകി.
വാദം കേൾക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പറയണം. അന്നുതന്നെ വിധിപ്പകർപ്പ് പ്രതിക്ക് ലഭ്യമാക്കണമെന്നും ജില്ലാ ജഡ്ജിമാർക്കും ചീഫ് ജുഡീഷൽ മജിസ്ട്രേറ്റുമാർക്കും ഹൈക്കോടതി രജിസ്ട്രി നൽകിയ സർക്കുലറിൽ പറയുന്നു.
ഹൈക്കോടതിയുടെ 2017 ലെ ഓഫീസ് മെമ്മോറാണ്ടത്തിൽ മജിസ്ട്രേട്ടുമാർ ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യാപേക്ഷകളിൽ വിധി പറയണമെന്നു നിഷ്കർഷിച്ചിരുന്നെങ്കിലും പല കേസുകളിലും ഇതു പാലിച്ചിരുന്നില്ല.
ചെങ്ങന്നൂരിലെ ഒരു അബ്കാരി കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി സന്തോഷ് കുമാറിന് ജാമ്യം നൽകിയ ഹൈക്കോടതി കീഴ്ക്കോടതിയിലെ ജാമ്യാപേക്ഷാ നടപടികൾ വൈകിയത് ചൂണ്ടിക്കാട്ടി ഇത്തരമൊരു നിർദേശം നൽകാൻ ഭരണ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു സർക്കുലർ ഇറക്കിയത്.