ഭാര്യയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ ജീവനൊടുക്കി
Monday, November 18, 2019 12:49 AM IST
പാനൂർ: ചമ്പാട് മനേക്കര റോഡിൽ ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ് ഭവനിൽ കുട്ടികൃഷ്ണന്റെ ഭാര്യ നിർമല (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടികൃഷ്ണനെ (68) വീടിന്റെ പിൻഭാഗത്ത് മുകൾ നിലയിലെ വരാന്തയോട് ചേർന്നുള്ള ഭാഗത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടത്തി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭാര്യ നിർമല വീടിനകത്ത് വീണു പരിക്കേറ്റെന്ന് അയൽവാസികളോട് പറഞ്ഞ കുട്ടികൃഷ്ണൻ അവരുടെ സഹായത്തോടെ നിർമലയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നിർമലയെയുംകൊണ്ട് അയൽവാസികൾ ആശുപത്രിയിലേക്കു പോയതിനു ശേഷമാണ് കുട്ടികൃഷ്ണൻ തൂങ്ങിമരിച്ചത്. സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം. മാഹി സ്പിന്നിംഗ് മില്ലിലെ റിട്ട. ജീവനക്കാരനാണ് കുട്ടികൃഷ്ണൻ. മക്കൾ: അനൂപ് (പൂന), അനീഷ് (ഗൾഫ്). മരു മക്കൾ: ധന്യ, പ്രിയ. സംഭവമറിഞ്ഞ് തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, പാനൂർ എസ്ഐ കെ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.