വിവാദ പരാമര്‍ശം: നിലപാടില്‍ ഉറച്ച് സിപിഎം നേതാവ്
Thursday, November 21, 2019 12:19 AM IST
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെതുടര്‍ന്ന് യുഎപിഎ ചുമത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ ഇസ്ലാമിക തീവ്രവാദി പരാമര്‍ശമുന്നയിച്ച് വിവാദത്തിലായ സിപിഎം ജില്ലാസെക്രട്ടറി വിശദീകരണവുമായി രംഗത്ത്.
മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും തീവ്രവാദികള്‍ എന്നുദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്ഫ്രണ്ടിനെയുമാണെന്നുമാണ് സിപിഎം ജില്ലാസെക്രട്ടറി പി.മോഹനന്റെ വിശദീകരണം. പറഞ്ഞതിൽ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. വിഷയം ബിജെപി ഏറ്റെടുത്തത് നല്ല ഉദ്ദേശ്യത്തോടുകൂടിയല്ലെന്നും അദ്ദേഹം കോഴിക്കോട് വാർത്താലേഖകരോട് പറഞ്ഞു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നു പറഞ്ഞായിരുന്നു പി.മോഹനൻ കഴിഞ്ഞ ദിവസം പൊതുവേദിയിൽ പ്രസംഗിച്ചത്. ജില്ലയിലെ പാര്‍ട്ടി ലോക്കൽ കമ്മിറ്റികളിൽ നടത്തിയ റിപ്പോര്‍ട്ടിംഗിലും ഇസ്ലാമിക തീവ്രവാദസംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പൊതുവേദിയിൽ പരസ്യമായി ഇക്കാര്യം അവതരിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്. താമരശേരിയില്‍ തിങ്കളാഴ്ച നടന്ന കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് വിവാദ പരാമര്‍ശം നടത്തിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. ഇവരാണ് മാവോയിസ്റ്റുകളുടെ ശക്തി. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ മതമൗലികവാദ ശക്തികള്‍ക്കും മറ്റും ആവേശമാണ്.
അതേസമയം മോഹനന്റെ പരാമര്‍ശം സിപിഎം കേന്ദ്രനേതൃത്വവും സിപിഐയും തള്ളുകയും ബിജെപി സ്വാഗതം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മോഹനൻ രംഗത്തെത്തിയത്.