പോലീസ് ഉദ്യോഗസ്ഥന്റെ മരണം: ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
Friday, December 6, 2019 11:40 PM IST
കട്ടപ്പന: തൃശൂർ പോലീസ് അക്കാദമിയിലെ എസ്ഐ വാഴവര ചെള്ളേടത്ത് സി.കെ. അനിൽ കുമാറിന്റെ (44) മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളിൽനിന്നു മൊഴിയെടുത്തു. ആത്മഹത്യയ്ക്കു കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനമാണെന്ന ആത്മഹത്യാകുറിപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു സംഭവത്തിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
ഇന്നലെ അനിൽ കുമാറിന്റെ വാഴവരയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണു മൊഴിയെടുത്തത്. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അനിൽകുമാറിന്റെ സഹപ്രവർത്തകരായ നാല് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്.ബുധനാഴ്ചയാണ് അനിൽ കുമാറിനെ വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തു വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയത്.