മാധ്യമപ്രവർത്തകനെതിരേ സെൻകുമാർ പരാതി നൽകി
Saturday, January 18, 2020 12:46 AM IST
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി മുൻ ഡിജിപി ടി.പി. സെൻകുമാർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി.
പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകനായ റഷീദ് കടവിലുമായി തർക്കമുണ്ടായിരുന്നു. എന്നാൽ, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയിൽ പറയുന്നത്.
റഷീദിനെ കൂടാതെ ടിവി ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകന്റെ പേരും പരാതിയിൽ പറയുന്നുണ്ട്. സെൻകുമാറിനും ഒപ്പമുണ്ടായിരുന്നവർക്കുമെതിരേ റഷീദ് കടവിലും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.