കെപിസിസി ജംബോ കമ്മിറ്റി ഗുണമാകില്ല: കെ. മുരളീധരൻ
Sunday, January 19, 2020 12:41 AM IST
തൃശൂർ: ജംബോ ഭാരവാഹി പട്ടിക കെപിസിസിക്കു ഗുണം ചെയ്യില്ലെന്നു കെ. മുരളീധരൻ എംപി. അധികാരികൾ ചിലർ മാത്രവും മറ്റുള്ളവരെല്ലാം വെള്ളംകോരികളും വിറകുവെട്ടികളുമാണെന്ന ദുരവസ്ഥ മാറണമെന്നും അദ്ദേഹം നിർദേശിച്ചു. തൃശൂർ ടൗണ്‍ഹാളിൽ നടക്കുന്ന കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥാനം നൽകാൻ പാടില്ല. ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പണിയാണു ചെയ്യുന്നത്. ജനങ്ങളെ മറന്നു പ്രവർത്തിച്ചാൽ സർ സിപിയുടെ ഗതിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ആയത്തിൽ തങ്കപ്പൻ അധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ജനറൽ സെക്രട്ടറി കെ. വിക്രമൻ നായർ, ട്രഷറർ ഉണ്ണിത്താൻ, വർക്കിംഗ് ചെയർമാൻ ടി.എം. കുഞ്ഞുമൊയ്തീൻ, ജനറൽ കണ്‍വീനർ കെ.ബി. ജയറാം, എം.സി. പോളച്ചൻ, വി.കെ. ജയരാജൻ, പി. അബൂബക്കർ, എൻ.കെ. ബെന്നി, ജയിംസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.