പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
Monday, January 20, 2020 12:04 AM IST
കൊച്ചി: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിരാകരിക്കുന്നതും രാജ്യത്തെ വർഗീയ ചേരിതിരിവിലേക്കു തള്ളിവിടുന്നതുമായ പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്. നിയമം സർക്കാർ പുനഃപരിശോധിക്കണം, ക്രൈസ്തവ പീഡനങ്ങളും ലൗ ജിഹാദും ക്രൈസ്തവർക്കെതിരായ ആസൂത്രിത നീക്കങ്ങളും സമുദായത്തിനാകെ ആശങ്ക ഉളവാക്കുന്നതാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വിലയിരുത്തി.
ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിതരണ അപാകതകൾ പരിഹരിക്കാനും ആനുകൂല്യങ്ങൾ പൂർണമായി ജനങ്ങളിലെത്തിക്കാനും പഞ്ചായത്തുതല ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. പാലാരിവട്ടം പിഒസിയിൽ ചേർന്ന കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി യോഗം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, മുൻ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിൻ, ഭാരവാഹികളായ സാജു അലക്സ്, അഡ്വ. പി.ടി. ചാക്കോ, ജോയി മുപ്രപ്പിള്ളി, ഡെന്നി കൈപാനാൽ, സെലിൻ സീജോ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, ജോർജ് കോയിക്കൽ, തൊമ്മി പിടിയത്ത്, ഫീസ്റ്റി മാന്പിള്ളി, സൈമണ്‍ ആനപ്പാറ, ഫ്രാൻസീസ് മൂലൻ, ഐപ്പച്ചൻ തടിക്കാട്ട്, രാജീവ് ജോസഫ്, ജോമി കൊച്ചു പറന്പിൽ, തോമസ് ആന്റണി, സിബി വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.