ഡിസിഎൽ ഫാ. ആബേൽ ഓൺലൈൻ കലോത്സവം: കുട്ടിപ്രസംഗകർക്ക് കാഴ്ചക്കാരേറെ
Friday, May 29, 2020 12:22 AM IST
കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനും കൊച്ചിൻ കലാഭവൻ സ്ഥാപകനുമായ ഫാ. ആബേൽ പെരിയപ്പുറം സിഎംഐയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡിസിഎൽ സംഘടിപ്പിക്കുന്ന ഓണ്‍ലൈൻ കലോത്സവത്തിൽ പ്രസംഗമത്സരത്തിന് വിദ്യാർഥികളുടെയും പ്രേക്ഷകരുടെയും ആവേശകരമായ പ്രതികരണം. നാനൂറിലധികം മത്സരാർഥികൾ പ്രസംഗമത്സരത്തിൽ പങ്കെടുക്കുന്നു. ഇതുവരെ ഒരുലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകൾ DCLDEEPIKA എന്ന യു ട്യൂബ് ചാനലിലൂടെ കുട്ടികളുടെ പ്രസംഗങ്ങൾ കണ്ടുകഴിഞ്ഞു.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന 10 കുട്ടികളുടെ തെരഞ്ഞെടുത്ത് അവരുടെ പ്രസംഗങ്ങൾ ഡിസിഎൽ ജഡ്ജിംഗ് പാനൽ വിലയിരുത്തിയശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
എൽപി വിഭാഗത്തിന് ‘വ്യക്തിശുചിത്വവും ആരോഗ്യ സംരക്ഷണവും’, യുപി: "ഇനി എന്റെ ഭക്ഷണം എന്റെ മണ്ണിൽനിന്ന്’, ഹൈസ്കൂൾ: "വ്യക്തിസുരക്ഷ സമൂഹ സുരക്ഷയ്ക്ക്’ എന്നീ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് വിദ്യാർഥികൾക്കു നല്‍കിയത്. കുട്ടികളുടെ തീപ്പോരി പ്രസംഗങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് DCLDEEPIKA യു ട്യൂബ് ചാനൽ സന്ദർശിക്കാവുന്നതാണ്.
മത്സരവീഡിയോ ഡിസിഎൽ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത തീയതി മുതൽ 10 ദിവസംവരെയുള്ള ലൈക്കുകളാണ് ഇതിനായി പരിഗണിക്കുക.
ലളിതഗാനം, മോണോ ആക്ട് മത്സരങ്ങൾ യഥാക്രമം ജൂൺ, ജൂലൈ മാസങ്ങളിലായിരിക്കും നടക്കുക.
ലളിതഗാന മത്സരാർഥികൾക്ക് ജൂൺ ആദ്യവാരം മുതൽ 20 വരെ എൻട്രികൾ അയയ്ക്കാവുന്നതാണ്. ലളിതഗാനം വീഡിയോയിൽ പകർത്തി [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 93876 89410 എന്ന നന്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ വിളിക്കാവുന്നതാണ്.