കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു ചെന്നിത്തലയ്ക്കെതിരേ കേസ്
Monday, June 1, 2020 12:40 AM IST
അമ്പലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു പ്രതിപക്ഷ നേതാവടക്കം 20ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. അമ്പലപ്പുഴ പോലീസാണു കേസെടുത്തത്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരേ നടക്കുന്ന റിലേ സത്യഗ്രഹ വേദിയിലും ഖനനം നടക്കുന്ന പൊഴിമുഖത്തും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തിയിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം.ലിജു, മുൻ എംഎൽഎ ബാബു പ്രസാദ്, ജനപ്രതിനിധികൾ, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു. സാമൂഹികാകലം പാലിച്ചില്ലെന്ന വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. റിലേ സത്യഗ്രഹത്തിന്റെ ഉദ്ഘാടന ദിവസവും സമരപ്പന്തലിൽ പ്രവർത്തകർ കൂടിയെന്ന പേരു പറഞ്ഞ് ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, വൻ പ്രതിഷേധമുയർന്നതോടെ പോലീസ് പിന്മാറുകയായിരുന്നു.