കാനം അഭിപ്രായം പറയുന്നതിൽ തെറ്റില്ല: ജോസ് കെ. മാണി
Sunday, July 5, 2020 1:03 AM IST
പാലാ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് ജോസ് കെ. മാണി എംപി. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും അവരുടെതായ അഭിപ്രായങ്ങളും അജൻഡയും കാണുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നയത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു പാലായിൽ മാധ്യമപ്രവർത്തകരോടു വിശദീകരണം നല്‍കുകയായിരുന്നു ജോസ് കെ. മാണി.
എല്ലാവരും കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടുണ്ട്. ഒരു മുന്നണിയുമായും ചർച്ച നടത്തിയിട്ടില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. അടുത്തദിവസം ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സംഘടനാപരമായ തീരുമാനങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്യും. കേരളാ കോൺഗ്രസ് എം ജോസ് വിഭാഗം അടിത്തറയുള്ള പാർട്ടിയാണ്. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരള കോണ്‍ഗ്രസ് എമ്മിൽനിന്ന് ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്കാണെന്ന് പി.ജെ. ജോസഫ് നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.