ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റുന്നത് അപലപനീയം: ഐക്യജാഗ്രതാ കമ്മീഷന്
Sunday, July 12, 2020 12:24 AM IST
കൊച്ചി: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം മോസ്കാക്കി മാറ്റാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ തീരുമാനം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍. തുര്‍ക്കിയിലെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ആണ് കഴിഞ്ഞ ദിവസം 1934ലെ കാബിനറ്റ് തീരുമാനത്തിനു നിയമസാധുത ഇല്ലായെന്നു വിധിക്കുകയും ഹാഗിയ സോഫിയായുടെ മ്യൂസിയം പദവി എടുത്തുകളയുകയും ചെയ്തത്.
ബൈസന്റൈന്‍ ശില്പകലാ ശൈലിയുടെ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന ഹാഗിയ സോഫിയ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. യുനെസ്കോയുടെയും ഓര്‍ത്തഡോക്സ് സഭയുടെയും ശക്തമായ എതിര്‍പ്പു മറികടന്നാണ് ഈ തീരുമാനം.
ക്രൈസ്തവ മതത്തിനും മതേതരത്വത്തെ ഉയര്‍ന്ന മൂല്യമായി കരുതുന്ന പൊതുസമൂഹത്തിനും ഈ നടപടി ഏറെ വേദനാജനകമാണ്.
ക്രൈസ്തവികതയ്ക്കുനേരേയുള്ള ഈ കടന്നുകയറ്റത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് അറിയിച്ചു.