മാർ ഈവാനിയോസ് ക്രിസ്തീയ ജീവിതത്തിന്റെ ആധികാരികത കാട്ടിത്തന്നു: മാർ ക്ലീമിസ് ബാവ
Thursday, July 16, 2020 12:48 AM IST
തിരുവനന്തപുരം: ക്രിസ്തീയ ജീവിതത്തിന്റെ ആധികാരികതയിലേക്ക് ഒരു തലമുറയെ കൈപിടിച്ചു നയിച്ച ധന്യജീവിതമായിരുന്നു ദൈവദാസൻ മാർ ഈവാനിയോസിന്റേതെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ദൈവദാസൻ മാർ ഈവാനിയോസിന്റെ 67-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സമാപന ശുശ്രൂഷകളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവസന്പാദനത്തിന്റെ മൂല്യത്തെ സ്വന്തം ജീവിതത്തിലൂടെ അനേകർക്ക് മാതൃകയായി അദ്ദേഹം നൽകി. ദൈവത്തിന് നൽകുന്ന ശുശ്രൂഷകളെക്കാളും ദൈവസന്പാദനത്തിന് മുൻഗണന നൽകണമെന്ന് കർദിനാൾ പറഞ്ഞു. രാവിലെ എട്ടിന് കത്തീഡ്രലിലെ പ്രധാന ത്രോണോസിൽ മാർ ക്ലീമിസ് ബാവ കുർബാന അർപ്പിച്ചു. തുടർന്ന് കബർ ചാപ്പലിൽ അനുസ്മരണ പ്രാർഥന നടത്തി. ജൂലൈ ഒന്നു മുതൽ കബറിടത്തിൽ നടന്ന ഓർമപ്പെരുന്നാളിന് സമാപനമായി.