സ്വർണക്കടത്തു കേസ് : ശിവശങ്കറിനെതിരേ അന്വേഷണത്തിന് വിജിലൻസും
Monday, August 3, 2020 12:57 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നടത്തിയ അഴിമതിയും അനധികൃത നിയമനവും അന്വേഷിക്കാൻ വിജിലൻസും. ഐടി വകുപ്പിൽ ഉൾപ്പെടെ ശിവശങ്കർ നടത്തിയ അനധികൃത നിയമനങ്ങളും മദ്യവിൽപ്പനയ്ക്കായി തുടങ്ങിയ ബെവ്ക്യു ആപ്പും ചട്ടം ലംഘിച്ചു മണൽ കടത്താനുള്ള ശ്രമവും അടക്കമുള്ള തട്ടിപ്പുകളിൽ അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർ സർക്കാരിന്റെ അനുമതി തേടി. മുഖ്യമന്ത്രിയുടെ കൈവശമുള്ള ആഭ്യന്തര- വിജിലൻസ് വകുപ്പാണ് അനുമതി നൽകേണ്ടത്. വൈകാതെതന്നെ അനുമതി നൽകേണ്ടിവരുമെന്നാണു നിയമവിദഗ്ധർ നൽകുന്ന സൂചന.
ചട്ടങ്ങൾ പാലിക്കാതെ വിദേശ കണ്സൾട്ടൻസികൾക്കു സർക്കാർ വകുപ്പുകളിൽ നിയമനങ്ങൾക്ക് അനുമതി നൽകിയതും ഇതുവഴി സർക്കാരിനുണ്ടായ കോടികളുടെ നഷ്ടവും വിജിലൻസ് അന്വേഷിക്കണമെന്ന മറ്റൊരു പരാതിയും നിലവിലുണ്ട്. ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതു ശിവശങ്കറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നു ചീഫ് സെക്രട്ടറിയും ധന അഡീഷണൽ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ തുടരന്വേഷണത്തിനു വിജിലൻസിനെ സർക്കാർ നിയോഗിച്ചിരുന്നില്ല. പകരം സ്വപ്നയുടെ തട്ടിപ്പ് പോലീസ് അന്വേഷിക്കുകയാണ്.
ശിവശങ്കറിനെതിരേ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും മറ്റു ചിലർ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. വിജിലൻസ് നടപടി സ്വീകരിക്കാത്തതിനെത്തുടർന്നു ഹൈക്കോടതിയെ സമീപിക്കുമെന്നു പരാതിക്കാർ വിജിലൻസ് ഡയറക്ടറെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പരാതികളെല്ലാം ഫയലാക്കി വിജിലൻസ് സർക്കാർ അനുമതി തേടിയത്.