കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Thursday, October 1, 2020 11:07 PM IST
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടേരിയിൽ ആദിവാസി കൊല്ലപ്പെട്ടു. തണ്ടൻകല്ല് കോളനിയിലെ ജയൻ(46) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ തലപ്പാലി നാലാം ബ്ലോക്കിലെ കമുകിൻ തോട്ടത്തിലാണ് ജയന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒൻപതരയോടെ ജയൻ ഫാം ഗേറ്റ് കടന്ന് പോകുന്നത് കണ്ടവരുണ്ട്. കോളനിക്ക് ഇരൂനൂറ് മീറ്റർ അടുത്തായാണ് ഇയാൾ ആനയുടെ ആക്രമണത്തിന് ഇരയായത്.
പോത്തുകൽ എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പോലിസെത്തി ഫാമിന്റെ ട്രാക്ടറിലാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. തുടർന്ന് ആംബുലൻസിൽ നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയുടെ ഫലം അറിഞ്ഞ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. 2019ലെ പ്രളയത്തിൽ കോളനിയിലേക്കുള്ള റോഡ് പൂർണമായി നശിച്ചിരുന്നു.
കോളനി വീടുകളും അപകടാവസ്ഥയിലായതിനെത്തുടർന്ന് കോളനിക്കാർ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ ഒഴിഞ്ഞ് കിടക്കുന്ന ക്വാർട്ടേഴ്സുകളിലാണ് താമസം. മുൻപ് കോളാനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നാല് വയസുകാരി മരണപ്പെട്ടിരുന്നു. മൂന്ന് വശവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കോളനിയിൽ കാട്ടാന ആക്രമണം നിത്യസംഭവമാണ്. ശാന്തയാണ് ജയന്റെ ഭാര്യ. മക്കൾ: സുരേഷ്, വിഷ്ണു, മിനി, ബാബു. മരുമകൾ: ശാലിനി.