അധ്യാപകർക്ക് അംഗീകാരം നൽകാത്തത് അന്യായം
മാത്രമല്ല ക്രൂരതയും: ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം
Wednesday, October 21, 2020 1:26 AM IST
തിരുവനന്തപുരം: അഞ്ചുവർഷത്തിലേറെയായി എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് നിയമന അംഗീകാരം നൽകാത്തത് അന്യായം മാത്രമല്ല ക്രൂരത കൂടിയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമനം നൽകാത്തത് സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെ വിഷമിപ്പിച്ചിരിക്കുകയാണ്. അധ്യാപക നിയമനം അംഗീകരിക്കാമെന്ന് ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ രംഗത്തു നിന്നു പുകച്ചുപുറത്തു ചാടിക്കാനുളള നീക്കമാണോ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഷയം രമ്യമായി പരിഹരിച്ചില്ലെങ്കിൽ അനാരോഗ്യം പരിഗണിക്കാതെ തനിക്കും സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തേണ്ടിവരും. അത്രയ്ക്കു കഷ്ടമാണ് നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം. ജീവിത മാർഗം അടഞ്ഞുപോയാൽ അധ്യാപകരായി ജോലി നോക്കിക്കൊണ്ടിരിക്കുന്നവർ എന്തുചെയ്യുമെന്ന് ആർച്ച് ബിഷപ് ചോദിച്ചു. നിയമന അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.