പഞ്ചരത്നങ്ങളിൽ മൂന്നു പേർക്കു കണ്ണനു മുന്നിൽ മാംഗല്യം
Monday, October 26, 2020 1:24 AM IST
ഗുരുവായൂർ: തിരുവനന്തപുരം പോത്തൻകോട് പഞ്ചരത്നം നിവാസിൽ രമാദേവിക്ക് അഭിമാന മുഹൂർത്തമായിരുന്നു ശനിയാഴ്ച നടന്ന മക്കളുടെ വിവാഹ ചടങ്ങ്. ഇഷ്ടദേവനു മുന്നിൽ മൂന്ന് മക്കളുടേയും വിവാഹം നടത്തി രമാദേവി ജീവിത വിജയം നേടി.
മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒരേദിവസം പിറന്നുവീണ അഞ്ചു പേരിൽ മൂവരും വിവാഹത്തിലും ഒരുമിച്ചു. രമാദേവി ഒറ്റപ്രസവത്തിൽ ജന്മം നൽകിയ അഞ്ച് മക്കളിലെ ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് നടന്നത്.
മൂവരും ഒരേ നിറത്തിലുള്ള വേഷം ധരിച്ചാണ് കതിർമണ്ഡപത്തിലെത്തിയത്. ഉത്രയുടെ വിവാഹമായിരുന്നു ആദ്യം. ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് ഉത്രയെ വിവാഹം ചെയ്തത്. പിന്നീട് കോഴിക്കോട് സ്വദേശിയും മാധ്യമപ്രവർത്തകനുമായ കെ.ബി. മഹേഷ് കുമാർ ഉത്തരയ്ക്കും വട്ടിയൂർക്കാവ് സ്വദേശി ജി. വിനീത് ഉത്തമയ്ക്കും താലിചാർത്തി. കാരണവരുടെ സ്ഥാനത്തുനിന്ന് ഏക സഹോദരൻ ഉത്രജൻ സഹോദരിമാരുടെ കൈപിടിച്ചു നൽകി.
ഉത്രജയും പത്തനംതിട്ട സ്വദേശി ആകാശും തമ്മിലുള്ള വിവാഹം പിന്നീട് നടക്കും. കഴിഞ്ഞ ഏപ്രിൽ 26ന് നാലുപേരുടെയും വിവാഹം ഒരുമിച്ച് നടത്താനിരുന്നതാണെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് . വിദേശത്തുള്ള വരൻ ആകാശിന് നാട്ടിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഉത്രജയുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്. കുട്ടികളുടെ അച്ഛൻ മരിച്ചതിനെ തുടർന്ന് അമ്മ രമാദേവി ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് അഞ്ചുപേരേയും വളർത്തിയതും പഠിപ്പിച്ചതും.