കർഷകജനതയുടെ അപ്രഖ്യാപിത കുടിയിറക്ക് അംഗീകരിക്കാനാകില്ല: മാർ മനത്തോടത്ത്
Saturday, October 31, 2020 1:25 AM IST
പാലക്കാട്: കേരളത്തിലെ കർഷകജനതയോടുള്ള സർക്കാരുകളുടെ യുദ്ധപ്രഖ്യാപനമാണു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പുറപ്പെടുവിക്കുന്ന അതീവ പരിസ്ഥിതി ദുർബലമേഖലാ പ്രഖ്യാപനമെന്നു പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്ത്.
ജില്ലയിലെ സൈലന്റ് വാലി നാഷണൽ പാർക്കിനോടുചേർന്നു പാലക്കാട്, മലപ്പുറം ജില്ലകളിലെ പന്ത്രണ്ടു വില്ലേജുകൾ ഉൾപ്പെടുത്തി ഇക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കർഷകസമൂഹം അതിജീവനത്തിനായി പൊരുതുന്പോൾ അവർക്കേറ്റ അപ്രതീക്ഷിത പ്രഹരമാണ് വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ. അഭയവും ആശ്രയവുമാകേണ്ട സർക്കാരും അനുബന്ധ സംവിധാനങ്ങളും കർഷകന്റെ കണ്ണീർ വീഴ്ത്തുന്നത് അംഗീകരിക്കാനാകില്ല. നാടിനെ അന്നമൂട്ടുന്ന അധ്വാനവർഗത്തിന്റെ നിലവിളിക്കുനേരെ നിശബ്ദരായിരിക്കാൻ പൗരബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരാൾക്കും കഴിയില്ലെന്നു ബിഷപ് പറഞ്ഞു.