ശബരിമല തീർഥാടനം; കോവിഡ് പരിശോധനയ്ക്കു കൂടുതൽ കിയോസ്കുകൾ
Saturday, October 31, 2020 2:06 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് കോവിഡ് പരിശോധനയ്ക്കായി കൂടുതൽ കിയോസ്കുകൾ സ്ഥാപിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
ദർശനത്തിനെത്തുന്നവർ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു. കോടതി നിർദേശത്തിന്റെയും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ട്രെയിൻ ഇറങ്ങുന്നതിന് സമീപത്തെ പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തണം.
പ്രതിദിനം ആയിരം തീർഥാടകർക്കാണ് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം അനുവദിക്കുക. മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകരവിളക്കിനും ദർശനത്തിന് 5000 പേരെ വീതം അനുവദിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലയ്ക്കലിൽ സാമൂഹിക അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കാനുമുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചു. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായുള്ള ഓണ്‍ലൈൻ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പി.സി. ജോർജ്, ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ എൻ. വാസു, ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.