സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ
Saturday, November 28, 2020 1:02 AM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിനിടെ പത്തു പ്രതികള്‍ക്കു വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തുമായി നേരിട്ടു ബന്ധം ഇല്ലെന്നു വിലയിരുത്തിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരായ എസ്.വി. രാജുവിനോട് എന്‍ഐഎയും തങ്ങളുടെ കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം ഹാജരായി വാദിച്ചത്. ജാമ്യാപേക്ഷം നവംബര്‍ 30നു പരിഗണിക്കാനായി മാറ്റി.