ക്ലിഫ്ഹൗസിനു ചുറ്റും കോട്ടമതിൽ കെട്ടാൻ നിർദേശം
Sunday, November 29, 2020 12:48 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് ജയിൽ മാതൃകയിൽ കോട്ടമതിൽ കെട്ടാൻ നിർദേശം. ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിനായുള്ള നിർദേശങ്ങളിൽ പ്രധാനമായിട്ടുള്ളത്, ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കണമെന്നാണ്. പത്തടി ഉയരമാണ് ചുറ്റുമതിലിനുള്ളത്. ചാടിക്കടക്കാൻ കഴിയാത്തവിധം ഉയരം കൂട്ടാനാണു നിർദേശം.
ഏതാനും നാൾ മുൻപു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സമരവുമായി മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിനു മുന്നിൽ വരെ എത്തിയിരുന്നു. ഈ ഗേറ്റും സുരക്ഷയുടെ ഭാഗമായി മാറ്റി സ്ഥാപിക്കും. പുറത്തുനിന്നു ക്ലിഫ് ഹൗസ് പരിസരം കാണാൻ കഴിയാത്ത തരത്തിലുള്ള ഗേറ്റ് സ്ഥാപിക്കാനാണു നീക്കം. മതിലിനു മുകളിൽ മുള്ളുകന്പി ഘടിപ്പിക്കുന്നതും ആലോചിക്കുന്നു. ക്ലിഫ്ഹൗസിനകത്തെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസരപ്രദേശങ്ങളിലെയും സുരക്ഷ കർക്കശമാക്കും.
ക്ലിഫ് ഹൗസിനു മുന്നിലെത്താനുള്ള ചെറുവഴികൾ അടയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇവിടങ്ങളിലും സുരക്ഷ ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സുരക്ഷ കർശനമാക്കിയിരുന്നു. വ്യവസായ സുരക്ഷാ സേനയിലെ 80 ഭടന്മാരെയാണു സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സാധാരണക്കാർക്ക് സെക്രട്ടേറിയറ്റിലേക്ക് ഒരാവശ്യത്തിനും എത്താൻ കഴിയാത്ത തരത്തിലുള്ള സുരക്ഷാസേനാവിന്യാസമാണ് ഒരുക്കിയിട്ടുള്ളത്.