കെ.വി. വിജയദാസ് എംഎൽഎ അന്തരിച്ചു
Tuesday, January 19, 2021 12:44 AM IST
പാലക്കാട്: കോങ്ങാട് എംഎൽഎ എലപ്പുള്ളി തേനാരി കാക്കത്തോട് കെ.വി. വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് 12 നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. നിലഗുരുതരമായി തുടരുകയും ഇന്നലെ രാത്രി മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്, സന്ദീപ്.
മൃതദേഹം ഇന്നുരാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. 11 നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.
2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം ജില്ലാ പ്രസിഡന്റുമാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. മിച്ചഭൂമിസമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.