പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ചട്ടത്തിൽ; പ്രഖ്യാപനം നാളെ
Monday, January 25, 2021 12:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം 26ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുൾപ്പെടെ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫല തുക ഹരിതകർമസേനകൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനാകും.
ഹരിതചട്ട പാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലാണ് ഓഫീസുകളെ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസുകളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളിൽ ജീവനക്കാരും സന്ദർശകരും പാലിക്കേണ്ട നിർദേശങ്ങൾ എഴുതി പ്രദർശിപ്പിക്കും. പ്ലാസ്റ്റിക്കിലും തെർമോകോളിലും ഉൾപ്പെടെയുള്ള എല്ലാത്തരം ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസബിൾ വസ്തുക്കളുടെ ഉപയോഗവും ഒഴിവാക്കും.
മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവമാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്കരിച്ചുമാണ് പ്രധാനമായും ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ പരിശോധന സൂചികയിലെ ഘടകങ്ങൾ ഉറപ്പുവരുത്തിയാണ് ഓഫീസുകളും ഹരിതചട്ടത്തിലേക്ക് മാറിയതെന്ന് ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.