തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനം നവംബർ ആദ്യം
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ ആദ്യം പ്രഖ്യാപിക്കും.
നവംബർ ഒന്നിനു പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഉള്ളതിനാൽ ഒക്ടോബർ അവസാനം പ്രഖ്യാപിക്കാനിരുന്ന തെരഞ്ഞെടുപ്പ് നവംബറിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റി.
നവംബർ അഞ്ചിനും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഏതാനും ചടങ്ങുകൾ ഉള്ളതിനാൽ അതിനു ശേഷമാകും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതെന്നാണു വിവരം.
ഡിസംബർ ആദ്യ വാരവും രണ്ടാം വാരവുമായി രണ്ടുഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള സ്ഥലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രചാരണത്തിന് കുറഞ്ഞത് 30-35 ദിവസമെങ്കിലും നൽകേണ്ടി വരും. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഡിസംബർ 20നകവും പൂർത്തിയാക്കണം. 21നാണ് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി പൂർണമായി അവസാനിയ്ക്കുന്നത്.
തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ സംവരണം നിശ്ചയിക്കലും അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരണവുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. അധ്യക്ഷനിർണയം ഒക്ടോബറിൽത്തന്നെ പൂർത്തിയാക്കും. ഇതു തെരഞ്ഞെടുപ്പ് കമ്മീഷൻ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. 25നു വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇതോടെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിലേക്ക് കമ്മീഷനു കടക്കാനാകും.