സമുദായത്തോടുള്ള രാഷ്ട്രീയ കക്ഷികളുടെ അവഗണന തിരിച്ചറിയാന്‍ സാധിക്കും: മാര്‍ തട്ടില്‍
Wednesday, October 22, 2025 1:52 AM IST
പാലാ: സമുദായത്തോട് രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അവഗണന തിരിച്ചറിയാനുള്ള സാമാന്യബോധം ക്രൈസ്തവര്‍ക്കുണ്ടെന്ന് സീറോ മലബാര്‍ സഭാ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുന്നവരെ തെരഞ്ഞെടുപ്പുകളില്‍ സമുദായവും അവഗണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് പാലായില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തോടും സമൂഹത്തോടും രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും പ്രതികരിക്കാനും കത്തോലിക്കാ സഭയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അവഗണനയ്ക്ക് മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്.
ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ട് ചെയ്യണമെന്നു പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്ന പതിവ് സഭയ്ക്കില്ല. തങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്ക് ഉണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.