ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന കണ്ടെത്തണമെന്ന് ഹൈക്കോടതി
Wednesday, October 22, 2025 1:52 AM IST
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന കണ്ടെത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാകില്ല. വലിയ ഗൂഢാലോചന നടന്നുവെന്നു വേണം കരുതാന്‍.
1998-99ല്‍ ശ്രീകോവിലടക്കം പൊതിഞ്ഞത് 30.291 കിലോ സ്വര്‍ണംകൊണ്ടാണ്. എന്നാല്‍ 2019ല്‍ ചെമ്പുപാളികള്‍ എന്ന വ്യാജേന പോറ്റിക്കു കൈമാറി. ഒരു ഉദ്യോഗസ്ഥനും അനുഗമിച്ചില്ല. തിരിച്ചെത്തിച്ചപ്പോള്‍ തൂക്കമടക്കം രേഖപ്പെടുത്തിയില്ല. ഇതിനെല്ലാം ദേവസ്വം തലപ്പത്തുള്ളവര്‍ വരെ ഉത്തരവാദികളാണ്.
474.9 ഗ്രാം സ്വര്‍ണമാണ് അന്ന് കുറവു വന്നത്. ഇതേക്കുറിച്ച് പോറ്റി സൂചന നല്‍കിയിട്ടും വീണ്ടെടുക്കാന്‍ ആരും ശ്രമിക്കാത്തതു ബോധപൂര്‍വമാണോയെന്ന് സംശയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തി.
ദേവസ്വം ബോര്‍ഡ് മിനിട്സ് പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു. 2019ലെ സ്വര്‍ണമോഷണം മറയ്ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി മറ്റാര്‍ക്കും നല്‍കാതെ ഉണ്ണിക്കൃഷ്ണന്പോറ്റിക്കുതന്നെ നല്കാന് ദേവസ്വം അധികൃതര്‍ ഉത്സാഹം കാട്ടിയതെന്നും കോടതി വിലയിരുത്തി.
ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ പരിഗണിച്ചിരുന്ന ഹര്‍ജിയില്‍ പ്രതി ഉണ്ണിക്കൃഷണന് പോറ്റിയടക്കം എതിര്‍കക്ഷികളാണ്. അതിനാല്‍ കേസിന്റെ തുടര്‍നടപടികള്‍ക്കായി പ്രത്യേകം റിട്ട് ഹര്‍ജി സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് രജിസ്ട്രിക്കു നിര്‍ദേശം നല്കി.
സംസ്ഥാന സര്‍ക്കാര്‍ (ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി), തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (സെക്രട്ടറി), ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍, സംസ്ഥാന പോലീസ് മേധാവി, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്റ്റേറ്റ് ഓഡിറ്റ്) എന്നിവരാകും പുതിയ ഹര്‍ജിയില്‍ കക്ഷികളാകുക. അന്വേഷണവിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ അടച്ചിട്ട കോടതി മുറിയിലാണ് ഇന്നലെ വാദം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്കി.
9 കാര്യങ്ങളില്‍ എസ്ഐടി അന്വേഷണം നടത്തണം
1. ദ്വാരപാലക ശില്പങ്ങളും കട്ടിളയും 2019ല്‍ ദുരൂഹ പശ്ചാത്തലമുള്ള പോറ്റിക്കു കൈമാറാന്‍ ദേവസ്വം അധികൃതര്‍ മുന്കൈയെടുത്തതെങ്ങനെ?
2. രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സ്വര്‍ണപ്പാളി കൈമാറിയത്. നിറം മങ്ങിയിട്ടില്ലാത്ത പീഠങ്ങളും കൊടുത്തയച്ചു. ഇത് തിരുവാഭരണം രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല.
3. ടെൻഡര്‍ വിളിക്കാതെ സ്വര്‍ണപ്പാളി കൈമാറി. 40 വര്‍ഷത്തെ വാറന്റിയുടെ കാര്യമൊന്നും കണക്കിലെടുത്തില്ല.
4. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ വാതിലിന്റെ ഭാഗങ്ങളും കമാനവും മറ്റും സന്നിധാനത്തെ തന്നെ അറ്റകുറ്റപ്പണിക്കാണു നിഷ്കര്‍ഷിച്ചത്. തീയതികളും എഴുതിയിരുന്നു.
5. ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെയും നടപടികള്‍ പാലിക്കാതെയും പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറിയത്.
6. സ്മാര്‍ട്ട് ക്രിയേഷന്‍സിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്ന് ആദ്യം റിപ്പോര്‍ട്ട് നല്കിയ കമ്മീഷണര്‍ ഏഴു ദിവസത്തിനുള്ളില്‍ തിരുത്തിയെതെന്തിന്?
7. 2025ലും ഉണ്ണിക്കൃഷ്ണന് പോറ്റിക്കു വിഗ്രഹങ്ങള്‍ കൈമാറാന്‍ രഹസ്യനീക്കം നടന്നിരുന്നോ.
8. സ്ട്രോംഗ് റൂമിലുള്ള പഴയ ശില്പങ്ങളും കൈമാറിയാല്‍ ചെലവ് കുറയ്ക്കാമെന്ന് പോറ്റി കത്തയച്ചു. 2019ലെ സ്വര്‍ണമോഷണം മറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായോ?
9. അന്വേഷണം താഴെത്തട്ടില്‍ മാത്രം ഒതുക്കാതിരിക്കുക. മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്തണം.