മുംബൈയിൽനിന്ന് ഏജൻസി വഴി എത്തിച്ച മൃതദേഹം മാറിപ്പോയി
Wednesday, October 22, 2025 1:38 AM IST
ഇലഞ്ഞി : മുംബൈയിൽനിന്ന് സ്വകാര്യ ഏജൻസി വഴി സംസ്കാരത്തിനായി നാട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി. പൂനയിൽ അന്തരിച്ച പെരുമ്പടവം കാർലോത്ത് ജോർജ് കെ. ഐപ്പി (59)ന്റെ ബന്ധുക്കൾക്കാണ് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നൽകിയത്.
ഇന്നലെ വൈകുന്നേരം നാലിനു സംസ്കാര സമയം നിശ്ചയിച്ച് എംബാം ചെയ്ത മൃതദേഹം രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി. ഒപ്പമുണ്ടായിരുന്ന മകൻ എബിനും അമ്മ ഷൈനിയും വീട്ടിലേക്കു മടങ്ങി. പിറവം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പെട്ടി തുറന്ന് ഡ്രസിംഗ് നടത്തി വീട്ടിലെത്തിച്ചപ്പോഴാണു മൃതദേഹം മാറിയതായി ബന്ധുക്കൾ അറിഞ്ഞത്.
പത്തനംതിട്ട വടശേരിക്കര കുപ്പക്കൽ വർഗീസ് ജോർജിന്റെ ( 62 ) മൃതദേഹമായിരുന്നു ഇത്. അഡ്രസ് എഴുതിയ സ്റ്റിക്കർ പരസ്പരം മാറിപ്പോയെന്ന വിശദീകരണമാണു കമ്പനി നൽകിയതെന്നു മരിച്ച പെരുമ്പടവം സ്വദേശി ജോർജിന്റെ ബന്ധുക്കൾ പറഞ്ഞു.
ജോൺ പിന്റോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മൃതദേഹം എയർപോർട്ട് വരെ എത്തിച്ചത്. കമ്പനി അധികൃതർ ക്ഷമാപണം നടത്തിയതിനാൽ ബന്ധുക്കൾ പരാതി നൽകിയില്ല.
പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കാർഗോ കമ്പനി അധികൃതർ വന്ന് നെടുമ്പാശേരിയിലേക്കു കൊണ്ടുപോയി. പിറവം പോലീസും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ രാത്രിയോടെ പെരുമ്പടവം സ്വദേശി ജോർജ് കെ. ഐപ്പിന്റെ മൃതദേഹം ഇതേ കമ്പനി അധികൃതർ നെടുമ്പാശേരിയിൽ എത്തിച്ചതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ പൊൻകുറ്റി ആലാട്ടുകണ്ടത്തിൽ ഷൈനി. മകൻ എബിൻ ജോർജ് പുനെ ബജാജ് ഇൻഷ്വറൻസ് ജീവനക്കാരനാണ്.ഇവർ കുടുംബസമേതം നാസിക്കിലായിരുന്നു താമസം. അന്തരിച്ച ജോർജ് കാൻസർബാധിതനായി ചികിത്സയിലായിരുന്നു.