മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധം ആളിക്കത്തി; താമരശേരിയില്‍ നാട്ടുകാരും
പോലീസും തമ്മില്‍ സംഘര്‍ഷം
Wednesday, October 22, 2025 1:39 AM IST
താമരശേരി: താമരശേരിക്കടുത്ത് അമ്പായത്തോട്ടില്‍ ജനജീവിതം ദുഃസഹമാക്കിയ മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.
പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് പലതവണ കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഫാക്ടറിക്കു തീയിട്ട ജനക്കൂട്ടം പോലീസിനുനേരേ കല്ലെറിഞ്ഞു.
റൂറല്‍ എസ്പിയും താമരശേരി സിഐയും അടക്കം പതിനഞ്ചിലധികം പോലീസുകാര്‍ക്കു കല്ലേറില്‍ പരിക്കേറ്റു. 30ൽപ്പരം നാട്ടുകാര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ താമരശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെത്തുടർന്ന് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രദേശത്തെ ജനങ്ങള്‍ ഫാക്ടറിക്കെതിരേ സമരത്തിലാണ്. ഇന്നലെ രാവിലെ മുതല്‍ ഫാക്ടറിക്കു മുന്നില്‍സമരം തുടങ്ങിയിരുന്നു. സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണു സമരത്തില്‍ അണിചേര്‍ന്നത്.
വൈകുന്നേരത്തോടെ ഫാക്ടറിയിലേക്കെത്തിയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. പോലീസ് ഇവരെ മാറ്റാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പോലീസുമായി ഉന്തും തള്ളും നടന്നു. വാഹനത്തിനു നേരേ ജനക്കൂട്ടം കല്ലെറിഞ്ഞു.
വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. പോലിസിനു നേരെയും കല്ലേറുണ്ടായി. രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആദ്യം കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. എന്നാല്‍ സമരക്കാര്‍ പിന്മാറിയില്ല. പിന്നീട് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതിനിടയിലാണ് സമരക്കാര്‍ ഫാക്ടറിക്കു തീകൊളുത്തിയത്. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും ഏറെക്കുറെ കത്തിയമര്‍ന്നിരുന്നു.
യുദ്ധസമാനമായ അന്തരീക്ഷമാണു ഫാക്ടറി പരിസരത്ത് ഉടലെടുത്തത്. സമരക്കാരുടെ കല്ലേറില്‍ റൂറല്‍ എസ്പി കെ.ഇ. ബൈജുവിനും താമരശേരി സിഐ സായൂജിനും പരിക്കേറ്റു. ഇവരെ താമരശേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ പോലീസുകാരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് നടപടിയില്‍ പരിക്കേറ്റ സമരക്കാരെ താമരശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളജ് എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. സമരത്തിനിടെ പോലീസ് ജനക്കൂട്ടത്തിനുനേരേ കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചതാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു.
2019ലാണ് ഫ്രഷ്കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അമ്പായത്തോട്ടില്‍ ആരംഭിച്ചത്. കോഴി മാലിന്യം സംസ്കരിക്കുന്ന കേന്ദ്രത്തില്‍നിന്നുള്ള ദുര്‍ഗന്ധം കാരണം ഫാക്ടറിക്കെതിരേ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. തൊട്ടടുത്ത പുഴ വരെ മലിനമായിയെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പലതവണ സമരം നടത്തിയിട്ടം പ്രശ്നപരിഹാരമുണ്ടായില്ല.
അടുത്തിടെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരം ശക്തിപ്പെടുത്തിയത്. സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ നിരവധി വിധികള്‍ വന്നുവെങ്കിലും അതൊന്നും നടപ്പാക്കാതെ അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
അതിനിടെ, ഇന്നലെ രാവിലെ വീടുകളിലെത്തി ആളുകളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. ഇതും നാട്ടുകാരെ പ്രകോപിപ്പിക്കാന്‍ കാരണമായി. സംഘര്‍ഷം രൂക്ഷമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പോലീസുകാരെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.