ദീപിക നിർവഹിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന ദൗത്യം: രാഷ്ട്രപതി
Wednesday, October 22, 2025 1:52 AM IST
തിരുവനന്തപുരം: ജനങ്ങളെ ഒന്നിപ്പിക്കുന്നതരത്തിലുള്ള വാർത്തകൾ കൊടുക്കാനുള്ള ദൗത്യമാണ് ദിനപത്രങ്ങൾക്കുള്ളതെന്നും ഈ ദൗത്യം ഒന്നര നൂറ്റാണ്ടായി നിർവഹിക്കുന്ന ദിനപത്രമാണ് ദീപികയെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. ഈ ദൗത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയെയും അതിന്റെ പ്രവർത്തകരെയും സ്ഥാപക നേതാക്കളെയുമെല്ലാം താൻ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്നലെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്ഭവനിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ എന്നിവർക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഈ പ്രവർത്തനങ്ങളെ ദീപിക ശക്തമായി മുന്നോട്ടു കൊണ്ടുപോകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
ഓരോ റിപ്പോർട്ടറും സത്യം മാത്രം ശേഖരിച്ച് അതു മാത്രം അച്ചടിക്കുന്നതാണ് അച്ചടിമാധ്യമങ്ങളുടെ പ്രത്യേകത. ദിനപത്രങ്ങൾ രാഷ്ട്രനിർമാണത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വബോധം, സാമൂഹിക പ്രതിബദ്ധത, ആത്മീയത, രാഷ്ട്രീയ അവബോധം മുതലായ എല്ലാ മണ്ഡലങ്ങളിലുംപെട്ട വികസനത്തിന് ദിനപത്രങ്ങൾ വഹിക്കുന്ന പങ്ക് അവിസ്മരണീയമാണ്.
ദീപിക 139 വർഷമായി ഈ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനത്തും നിരവധി ദിനപത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ പത്രങ്ങളെല്ലാം സത്യത്തിന്റെ സംവാഹകരായിട്ടാണ് താൻ കാണുന്നത്.
സമൂഹമാധ്യമങ്ങളും മൊബൈൽ ഫോണും മറ്റ് ആധുനിക സംവിധാനങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടി മാധ്യമങ്ങൾ അവഗണിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ, അവയെ അപേക്ഷിച്ച് അച്ചടിമാധ്യമങ്ങളിലാണ് വാർത്തകൾ സത്യമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള സാധ്യതയുള്ളത്. ഇത് പത്രങ്ങൾക്ക് ഏറെ വെല്ലുവിളികളുള്ള കാലഘട്ടമാണ്.
സമൂഹമാധ്യമങ്ങളുമായുള്ള മത്സരത്തിലും ദിനപത്രങ്ങൾക്ക് വളരെയേറെ ഊർജം നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് ദിനപത്രങ്ങളെ പിന്തുണയ്ക്കേണ്ടത് ആവശ്യമാണ്. സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നിമിഷങ്ങൾകൊണ്ട് അവസാനിക്കും. അത് സത്യമാണോയെന്ന് പരിശോധിക്കുന്നതിനുള്ള സാധ്യതയും വിരളമാണ്. എന്നാൽ, ദിനപത്രത്തിൽ വരുന്ന വാർത്ത നിലനിൽക്കുന്നു. അത് സത്യമാണോയെന്ന് പരിശോധിക്കുന്നതിനു സാധിക്കുന്നു. വീണ്ടും എടുത്തു പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും അവ പുനർവായിച്ച് പ്രബോധനം സ്വീകരിക്കുന്നതിനും സാധിക്കുകയും ചെയ്യും. അതുകൊണ്ട് അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം ഒട്ടും വിസ്മരിക്കാവുന്നതല്ല.
പ്രത്യേകിച്ചും ഭാരതത്തിന്റെ ചരിത്രത്തിൽ പത്രപ്രവർത്തനം സ്വാതന്ത്ര്യസന്പാദനത്തിലും തുടർന്നുള്ള കാലഘട്ടത്തിലും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും അത് നിലനിർത്തുന്നതിനും വഹിച്ചിട്ടുള്ള പങ്ക് അവിസ്മരണീയമാണ്.
അതുകൊണ്ട് ദീപികയുടെ മഹത്തായ ഈ സേവനത്തെ താൻ അനുമോദിക്കുന്നു. ഇനിയും അനേക വർഷങ്ങൾ മുന്പോട്ട് ഈ പ്രയാണം തുടരട്ടെയെന്ന് ആശംസിക്കുന്നു. ദീപികയുടെ വായനക്കാർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.