സോളാർ വൈദ്യുതോത്പാദനം; തെളിവെടുപ്പിൽ "ഷോക്കിംഗ്' നിയന്ത്രണം
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സോളർ വൈദ്യുതോത്പാദന രംഗത്ത് പുതിയ നിയന്ത്രണം കൊണ്ടുവരുന്ന പുനരുപയോഗ ഊർജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്നു തുടങ്ങുന്ന നേരിട്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധം.
കോടതി നിർദേശപ്രകാരമുള്ള നേരിട്ടുള്ള തെളിവെടുപ്പിൽ പങ്കെടുക്കാനുള്ള അനുമതി മുൻകൂറായി ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമായി പരിമിതപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് ഡൊമസ്റ്റിക് ഓണ്‍ഗ്രിഡ് സോളാർ പ്രൊസ്യൂമേഴ്സ് ഫോറം ഭാരവാഹികൾ അറിയിച്ചു.
ഓണ്‍ലൈനിൽ തെളിവെടുപ്പു നടത്തി അന്തിമചട്ടം പ്രസിദ്ധീകരിക്കുന്ന നടപടികളിലേക്ക് കമ്മീഷൻ നീങ്ങവേയാണ് നേരിട്ടുള്ള തെളിവെടുപ്പു വേണമെന്ന കോടതി ഉത്തരവുണ്ടായത്. നേരിട്ടു തെളിവെടുപ്പു വേണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതോടെയാണിത്.
ഓണ്‍ലൈൻ തെളിവെടുപ്പു മാത്രം നടത്തി ചട്ടഭേദഗതി നടപ്പാക്കുന്നതിന് എതിരേ ഡൊമസ്റ്റിക് ഓണ്‍ഗ്രിഡ് സോളാർ പ്രൊസ്യൂമേഴ്സ് ഫോറം കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ന് തിരുവനന്തപുരത്തും 28ന് കൊച്ചിയിലും 29ന് പാലക്കാടും 30ന് കോഴിക്കോടുമാണ് തെളിവെടുപ്പ്. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് തെളിവെടുപ്പിനെത്തി പരമാവധി അഞ്ച് മിനിറ്റ് സംസാരിക്കാനാണ് അവസരം നൽകുക.
എന്നാൽ, ഓണ്‍ലൈൻ തെളിവെടുപ്പു പോരെന്ന കോടതി ഉത്തരവ് നിലനിൽക്കേ എല്ലാവർക്കും പങ്കെടുക്കാനാവാത്ത വിധം ഓണ്‍ലൈൻ രജിസ്ട്രേഷൻ തീരുമാനിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഫോറം പ്രസിഡന്റ് എം.എ. സത്താർ പറഞ്ഞു. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമൊരുക്കി ഉപയോക്താക്കൾക്ക് തെളിവെടുപ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കുകയാണ് വേണ്ടത്.
സോളാർ വിഷയത്തിലെ റെഗുലേറ്ററി കമ്മീഷൻ അംഗത്തിന്റെ നിയമനത്തിലെ നിയമസാധുതയടക്കം കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരും. കെഎസ്ഇബിയിലെ ഉന്നത തസ്തികയിൽനിന്ന് വിരമിച്ചയാൾ അംഗമായ കമ്മീഷനിൽനിന്ന് ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്ന തീരുമാനം പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.