രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് ഉജ്വല സ്വീകരണം
Wednesday, October 22, 2025 1:52 AM IST
തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ കേരളത്തിലെത്തി.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യ രാജേന്ദ്രൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ആന്റണി രാജു എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ഡിജിപി റവാഡാ ചന്ദ്രശേഖർ, എഡിജിപി പി. വിജയൻ തുടങ്ങിയവർ ചേർന്നു വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്നലെ രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി ഇന്ന് ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും.
23നു രാവിലെ 10.30ന് രാജ്ഭവൻ അങ്കണത്തിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് വർക്കല ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.