തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പ് ഡിസ്റ്റിലറിക്ക് അനുമതി നൽകാനുള്ള നീക്കം പാളി
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം: പാലക്കാട് കേന്ദ്രമാക്കി മദ്യ നിർമാണത്തിനുള്ള ഡിസ്റ്റിലറിക്ക് വേഗത്തിൽ അനുമതി നൽകാനുള്ള സർക്കാർ നീക്കം കൃഷി വകുപ്പിന്റെ എതിർപ്പിനെ തുടർന്നു വിജയിച്ചില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പ് പാലക്കാട് എലപ്പുള്ളി കേന്ദ്രമാക്കി ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഡിസ്റ്റിലറി ആരംഭിക്കാനുള്ള അനുമതി വേഗത്തിലാക്കാൻ ഇന്നലെ ചേർന്ന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുകയായിരുന്നു.
എന്നാൽ, മദ്യ നിർമാണത്തിനുള്ള അഞ്ചേക്കർ ഭൂമി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു കീഴിലുള്ളതാണെന്നും തരംമാറ്റാൻ അനുമതി നൽകാൻ കഴിയില്ലെന്നുമായിരുന്നു റവന്യു-കൃഷി വകുപ്പുകളുടെ വാദം. ഇതേ തുടർന്ന് ഭൂമി തരംമാറ്റുന്നതിനായി എസ്എൽഇസിയിൽ കൊണ്ടു വന്നു ഫയലിൽ തീർപ്പാക്കാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശിച്ചു.
എന്നാൽ, മദ്യനിർമാണം പൊതു ആവശ്യത്തിന്റെ പരിധിയിൽ വരാത്ത സാഹചര്യത്തിൽ ഭൂമി തരംമാറ്റാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് കൃഷി വകുപ്പു വാദം. പൊതു ആവശ്യത്തിനുള്ള ഭൂമി മാത്രമേ തരം മാറ്റാൻ അനുമതിയുള്ളൂ.
പാലക്കാട് കേന്ദ്രമാക്കി ഡിസ്റ്റിലറി ആരംഭിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. കുടിവെള്ള ചൂഷണവും ഭൂമിയുടെ തരംമാറ്റവും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തിൽ എതിർപ്പുയർന്നത്. 2008 വരെ ഈ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നതായാണ് കൃഷിവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.