ബസ് പിടിച്ചെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എഐടിപി
Wednesday, October 22, 2025 1:38 AM IST
കൊച്ചി: നെടുങ്കണ്ടത്തുനിന്ന് പുലർച്ചെ രണ്ടിന് തിരുവനന്തപുരത്തേക്ക് ആദ്യ സര്‍വീസ് ആരംഭിക്കാനിരുന്ന ബസ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത സംഭവം യാത്രക്കാരോടുള്ള നീതികേടും പ്രതിഷേധാര്‍ഹവുമാണെന്ന് ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (എഐടിപി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എഐടി പെര്‍മിറ്റില്‍ ഓടുന്ന ബസുകള്‍ ട്രിപ്പുകളുടെ ഇടയില്‍ ആളുകളെ കയറ്റാന്‍ പാടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണു മോട്ടോര്‍ വാഹന വകുപ്പ് നെടുങ്കണ്ടം ആര്‍ടിഒയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തത്.
ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും നിയമപരമായ പിഴ ചുമത്തുകയും ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ വൈരാഗ്യബുദ്ധിയോടെ എംവിഡി ഉദ്യോഗസ്ഥര്‍ പെരുമാറുന്നതില്‍ സംശയമുണ്ടെന്നും അവര്‍ ആരോപിച്ചു.
ലക്ഷങ്ങള്‍ മുടക്കി ബസ് വാങ്ങി നിയമാനുസരണമുള്ള നികുതികള്‍ അടച്ചും പെര്‍മിറ്റ് എടുത്തും സര്‍വീസ് നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കുന്ന നടപടി ഉപേക്ഷിക്കണമെന്നും എബനേസര്‍ ചുള്ളിക്കാട്ട്, കെ.എസ്. സുമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.