നിക്ഷേപതട്ടിപ്പ്; തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങി
Thursday, June 17, 2021 12:50 AM IST
പത്തനംതിട്ട: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷിച്ചുവന്ന ഓമല്ലൂർ തറയിൽ ബാങ്കേഴ്സ് ഉടമ സജി സാം കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്.
ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ചോദ്യം ചെയ്യലിനായി സജി സാമിനെ പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർക്ക് കൈമാറി. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ബിനീഷ്ലാലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും കണ്ടെത്തുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു. അന്വേഷണസംഘത്തിൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്ഐ സണ്ണി, എഎസ്ഐ സവിരാജൻ തുടങ്ങിയവരാണുള്ളത്.
1992ലാണ് തറയിൽ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണു സ്ഥാപനം തുടങ്ങിയത്. സ്വർണപ്പണയ വായ്പകളിന്മേൽ പണം കൊടുക്കാനുള്ള ലൈസൻസ് മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതിന്റെ മറവിൽ തുടർന്ന് നിക്ഷേപങ്ങൾ സ്വീകരിച്ചുതുടങ്ങി. സജി സാമിന്റെ മാതാപിതാക്കളായിരുന്നു പാർട്ണർമാർ. ഇവരുടെ മരണശേഷം, സജി ഭാര്യയെക്കൂടി പാർട്ണറാക്കി. തുടർന്നു പലയിടത്തായി മൂന്നു സ്ഥാപനങ്ങൾ കൂടി ആരംഭിച്ചു. കൂടാതെ പെട്രോൾ പന്പും തുടങ്ങി. ചെറുതും വലുതുമായ തുകകൾ ഡെപ്പോസിറ്റുകളായി സ്വീകരിക്കുകയും, വൻതോതിൽ പണം സന്പാദിക്കുകയും ചെയ്ത സജി ഒടുവിൽ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങിയെന്നാണു പരാതി. തുടർന്ന് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 23 കേസുകളും അടൂരിൽ 24 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യലിനു ശേഷമേ തട്ടിപ്പ്, തുക എന്നിവ സംബന്ധിച്ചു വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.