കരട് വിജ്ഞാപനങ്ങള്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജി
Thursday, June 24, 2021 1:10 AM IST
കൊച്ചി: ലക്ഷദ്വീപില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള കരട് വിജ്ഞാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്നതിനു മുമ്പ് ഇവ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.
ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ലക്ഷദ്വീപ് വികസന അഥോറിറ്റി റെഗുലേഷൻ, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള റെഗുലേഷന് തുടങ്ങി അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടു നിയന്ത്രണങ്ങള്‍ പ്രാദേശിക ഭാഷയില്‍ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ നിയന്ത്രണങ്ങള്‍ ദ്വീപ് നിവാസികളെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.