കുടുംബാധിഷ്ഠിത ഇടപെടലുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും
Thursday, September 16, 2021 12:36 AM IST
തിരുവനന്തപുരം: കുടുംബാധിഷ്ഠിതമായ ഇടപെടലുകൾ ഓരോ വ്യക്തിയിലും ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുന്നതിൽ ഒരുപോലെ ഫലപ്രദമാണെന്നു ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. പ്രമുഖപ്രസിദ്ധീകരണമായ ലാൻസെറ്റിൽ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച പ്രൊലിഫിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹൃദയ രക്തധമനീരോഗത്തിന്റെ കുടുംബ പശ്ചാത്തലമുള്ളവരിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കുടുംബാധിഷ്ഠിത സമീപനത്തിലൂടെ എളുപ്പത്തിൽ സാധ്യമാകുമെന്നും പഠനത്തിലൂടെ തെളിയിക്കുന്നു.
ഹൃദ്രോഗത്തിനുള്ള അപകടസാധ്യതയിൽ പ്രൊലിഫിക് സ്റ്റഡിയുടെ ഭാഗമായ ഇടപെടലുകളിലൂടെ വന്നിട്ടുള്ള കുറവ്, ഭാവിയിൽ ഹൃദ്രോഗപ്രതിരോധത്തിന് കുടുംബാധിഷ്ഠിത ഇടപെടലുകളുടെ പ്രാധാന്യവും അതിന്റെ പൊതുജനാരോഗ്യരംഗത്തുള്ള പഠനവും എടുത്തുകാട്ടുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ.ജീമോൻ പന്യംമാക്കൽ അഭിപ്രായപ്പെട്ടു.
കുടുംബാധിഷ്ഠിതമായ ആരോഗ്യഇടപെടലുകൾ ഏകോപിപ്പിക്കുകവഴി ഭാവിയിൽ ഹൃദ്രോഗത്തിന്റെ തോത് 20 ശതമാനമെങ്കിലും കുറയ്ക്കാൻ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നതായും ഡോ. ജീമോൻ അഭിപ്രായപ്പെട്ടു. അകാല ഹൃദ്രോഗം നിർണയിക്കപ്പെട്ട വ്യക്തിയുടെ ജീവിതപങ്കാളി അഥവാ അടുത്തരക്തബന്ധമുള്ള കുടുംബാംഗങ്ങൾ എന്നിവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.
ഇത്തരത്തിൽ 18 വയസിനു മുകളിലുള്ള 1671 വ്യക്തികളെ പഠനവിധേയരാക്കി. ഹൃദയസംബന്ധമായ അപകട സാധ്യത കുറയ്ക്കുന്നതിൽ കുടുംബാധിഷ്ഠിത ഇടപെടലുകളുടെ പങ്ക് കൃത്യതയോടെ പഠനത്തിൽ വിലയിരുത്തിയിട്ടുണ്ടെന്നു പഠനം നയിച്ചതിൽ പ്രധാന പങ്ക് വഹിച്ച പ്രഫ. എസ്.ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഹൃദയരക്തധമനീ രോഗമുള്ള വ്യക്തിയുടെ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കുന്നതിലൂടെ ഭാവിയിൽ അവർക്ക് സംഭവിച്ചേക്കാവുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയുമെന്നും പഠനം സൂചിപ്പിക്കുന്നു.